അവശതയിലും ഭാ​ഗ്യയുടെ വിവാഹസൽക്കാരത്തിന് വീൽചെയറിലെത്തി ജ​ഗതി ശ്രീകുമാർ


​മകൾ ഭാ​ഗ്യയുടെ താലികെട്ട് ചടങ്ങിന് ​ഗുരുവായൂരും കൊച്ചിയിൽ നടത്തിയ വിവാഹസൽക്കാരത്തിനും എത്താൻ സാധിക്കാതെ പോയവർക്ക് വേണ്ടി തിരുവനന്തപുരത്ത് വീണ്ടുമൊരു സൽക്കാരം നടത്തുകയാണ് സുരേഷ് ഗോപി. മോഹൻലാൽ ​ഗുരുവായൂരിലെ ചടങ്ങിൽ പങ്കെടുത്തിരുന്നുവെങ്കിലും കൊച്ചിയിൽ വന്നിരുന്നില്ല. എന്നാൽ, തിരുവനന്തപുരത്തെ ഫങ്ഷനിൽ വന്ന് ദമ്പതികളെ അനുഗ്രഹിച്ചു.

തിരുവനന്തപുരത്തെ സൽക്കാരത്തിൽ നിരവധി പേർ പങ്കെടുത്തുവെങ്കിലും കാഴ്ചക്കാരുടെ കണ്ണും മനസും നിറഞ്ഞത് നടൻ ജ​ഗതി ശ്രീകുമാർ‌ അവശതയിലും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ്. വീൽചെയറിൽ താരത്തെ ഇരുത്തി കുടുംബമാണ് പരിപാടിയിലേക്ക് കൊണ്ടുവന്നത്. സൽക്കാരത്തിൽ പങ്കെടുത്ത് ഭാ​ഗ്യയേയും വരൻ ശ്രേയസിനെയും അനു​ഗ്രഹിക്കുക മാത്രമല്ല ചടങ്ങിൽ പങ്കെ‍ടുക്കാൻ എത്തിയവരോടെല്ലാം കൈ വീശി കാണിക്കുകയും ചെയ്തു ജഗതി. അപകടത്തിനുശേഷം ഇത്രയേറെ ആളുകൾ കൂടുന്ന വിവാഹ ചടങ്ങുകളിലൊന്നും ജ​ഗതി ശ്രീകുമാർ ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. ജ​ഗതിക്കൊപ്പം ഭാര്യയും രണ്ട് മക്കളും അവരുടെ കുടുംബവുമുണ്ടായിരുന്നു. കുറച്ച് സമയം സുരേഷ് ​ഗോപിയുടെ കുടുംബത്തോടൊപ്പം ചിലവഴിച്ചിട്ടാണ് ജ​ഗതി ശ്രീകുമാറും കുടുംബവും മടങ്ങിയത്.

പ്രിയദർശൻ മകൾ കല്യാണി പ്രിയദർശൻ, അഹാന ക‍ൃഷ്ണയും കുടുംബവും, ശശി തരൂർ, ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ, ദിലീപ്, നാദിർഷ, ജയറാം തുടങ്ങി സിനിമാ താരങ്ങളും നിരവധി സീരിയൽ മിനിസ്ക്രീൻ താരങ്ങളും തിരുവനന്തപുരത്തെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനാണ് എത്തിയത്.