രാഷ്ട്രീയം വച്ച് എല്ലാകാര്യത്തെയും വിമർശിക്കരുത്, തൃശൂരിൽ സുരേഷ് ​ഗോപി വിജയിക്കുമെന്ന് അഖിൽ മാരാർ


പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ​ഗോപി വിജയിക്കുമെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. ലൈവ് വീഡിയോയിൽ വന്ന ചോദ്യത്തിന് ഉത്തരം നൽകുമ്പോഴായിരുന്നു അഖിൽ ഇക്കാര്യം പറഞ്ഞത്. സുരേഷ് ​ഗോപി മാതാവിന് കിരീടം കൊടുത്തതും പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് വന്നതും തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് അഖിൽ പറയുന്നു. സുരേഷ് ​ഗോപി ചെയ്യുന്ന സഹായങ്ങൾ രാഷ്ട്രീയത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ലെന്നും അദ്ദേഹം പറയുന്നു. സിനിമയിൽ എത്രകോടി ശമ്പളം വാങ്ങിയാലും പാവപ്പെട്ടവരെ സഹായിക്കാനാണ് അദ്ദേഹം ഉപയോ​ഗിക്കുന്നതെന്നും അഖിൽ വ്യക്തമാക്കി.

read also: ജനങ്ങളുടെ യജമാനൻമാരാണ് മന്ത്രിമാരെന്ന് കരുതരുത്: ഉപദേശവുമായി കെ കൃഷ്ണൻകുട്ടി

അഖിൽ മാരാറിന്റെ വാക്കുകൾ ഇങ്ങനെ,

സുരേഷ് ഗോപി അദ്ദേഹത്തിന്റെ നാട്ടിലും താമസിക്കുന്നിടത്തും ക്രിസ്ത്യൻ പള്ളികൾ ഉണ്ടായിട്ടും തൃശൂരിലെ പള്ളിയിൽ കൊണ്ടുപോയി സ്വർണ കിരീടം കൊടുത്തതിന് പിന്നിൽ നൂറ് ശതമാനം തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്. അതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് വന്നതെന്നതും യാഥാർത്ഥ്യം. ഇത് ആരാണ് ചെയ്യാത്തത്. പള്ളിയിൽ കുമ്പസാരം കൂടുകയും മുസ്ലീം മത നേതാക്കളുടെ വീടുകളിൽ പോകുകയും ചെയ്തവർ, സുരേഷ് ഗോപി പള്ളിയിൽ പോയി കിരീടം കൊടുത്തോ എന്ന് ചോദിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?.

രാഷ്ട്രീയം എന്ന് പറയുന്നത് ജയിക്കാൻ വേണ്ടിയുള്ളതാണ്. സുരേഷ് ​ഗോപി വോട്ടിന് വേണ്ടിയാണോ സഹായിക്കുന്നത് എന്ന് ചോദിച്ച് കഴിഞ്ഞാൽ, ഞങ്ങൾ വ്യക്തിപരമായി അടുപ്പമോ കാര്യങ്ങളോ ഇല്ല. അദ്ദേഹം ജയിച്ചാലും എനിക്കൊരു നേട്ടവും ഇല്ല. പക്ഷേ ഈ മനുഷ്യൻ എത്രയോ വർഷങ്ങൾക്ക് മുൻപ് എയ്ഡ്സ് ബാധിതരായ ബെൻസൻ, ബെൻസി എന്നുപറയുന്ന കുട്ടികൾക്ക് വേണ്ടി ഇടപെട്ടത് പ്രശസ്തിക്ക് വേണ്ടിയിട്ടായിരുന്നോ?, അദ്ദേഹം സൂപ്പർതാരമായി നിൽക്കുന്ന സമയമാണത്. കാസർകോട് എൻഡോസൽഫാൻ വിഷയത്തിൽ അവിടുത്തെ ആൾക്കാർക്ക് വേണ്ടി ഇടപെട്ടു. നിങ്ങളാരെങ്കിലും അക്കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടോ.

മലയാള സിനിമയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എത്രയോ മനുഷ്യർക്ക് ഒരാള് പോലും അറിയാതെ അദ്ദേഹം സഹായിച്ചത് ഏതെങ്കിലും രീതിയിൽ തെരഞ്ഞെടുപ്പ് ജയിക്കാനോ പ്രശസ്തിക്കോ വേണ്ടിയാണോ ? സിനിമയിൽ അദ്ദേഹം ഇപ്പോൾ അത്യാവശ്യം നല്ല പൈസ വാങ്ങിക്കുന്നുണ്ട്. അഞ്ചും ആറും കോടി രൂപ. എന്തിനാ? അതിൽ നിന്നും രണ്ട് കോടി അദ്ദേഹം ചിലപ്പോൾ എടുത്തിട്ട് ബാക്കി രൂപ പാവങ്ങളെ സഹായിക്കാനാണ് വാങ്ങുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം വച്ച് എല്ലാകാര്യത്തെയും വിമർശിക്കരുത്. തൃശൂരിൽ നൂറ് ശതമാനം സുരേഷ് ഗോപി ജയിക്കും. അത് അദ്ദേഹത്തിന്റെ മിടുക്ക് കൊണ്ടോ പാര്‍ട്ടിയുടെ സംഘടന സംവിധാനം കൊണ്ടോ ആയിരിക്കില്ല. അദ്ദേഹത്തെ അനാവശ്യമായി കടന്നാക്രമിച്ച് കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കി മാറ്റാനുളള നയം മാത്രമാകും അതിന് കാരണം. ആക്രമിക്കാം പ്രതിരോധിക്കാം പക്ഷേ എല്ലാത്തിനും പരിധിയുണ്ട്. എതിർക്കുന്തോറും എല്ലാവരും വളരും. പരിധിയ്ക്കപ്പുറം വിമർശിക്കുമ്പോൾ ജനങ്ങൾ വോട്ട് അയാൾക്ക് അനുകൂലമാകും. ബി​ഗ് ബോസ് ഹൗസിനകത്ത് ആരൊക്കെ എനിക്ക് എതിരെ അറ്റാക്ക് നടത്തി. എന്നിട്ട് അറ്റാക്ക് ചെയ്തവരല്ല ജയിച്ചത്. അറ്റാക്ക് ചെയ്യപ്പെട്ടവനാണ് ജയിച്ചത്. അത് മനസിലാക്കണം.