തെലങ്കാന: അയോധ്യ രാമക്ഷേത്ര വിഷയത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. ശ്രീരാമന്റെ വരവോടെ ഇന്ത്യയിൽ പുതിയ യുഗത്തിന് തുടക്കമായെന്ന് അല്ലു അർജുൻ പറഞ്ഞു. വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായി അയോദ്ധ്യ മാറുമെന്നും അല്ലു അർജുൻ പ്രതികരിച്ചു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഇന്ത്യയ്‌ക്ക് എന്തൊരു ദിവസം. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് വളരെ വികാരാധീനനാണ് ഞാൻ. അദ്ദേഹത്തിന്റെ വരവോടെ ഇന്ത്യയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമായി . വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനമായി അയോദ്ധ്യയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ജയ് ശ്രീറാം. ജയ് ഹിന്ദ്’, അല്ലു അർജുൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തെന്നിന്ത്യയിൽ നിന്നും നിരവധി താരങ്ങളാണ് പ്രാണ പ്രതിഷ്ഠയിൽ പങ്കെടുത്തത്. രജനികാന്ത്, ധനുഷ് തുടങ്ങി നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ രജനികാന്തിന് നേരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പ്രാണ പ്രതിഷ്ഠയിൽ പങ്കെടുത്തത് തന്റെ വിശ്വാസമാണെന്ന് രജനികാന്ത് പ്രതികരിച്ചു. രാംലല്ല വിഗ്രഹത്തിന്റെ ചരിത്രപരമായ അനാച്ഛാദനത്തിന് സാക്ഷ്യം വഹിച്ച ആദ്യത്തെ 150 പേരിൽ ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം തുറന്നതിന് ശേഷം, രാം ലല്ല വിഗ്രഹം ദർശിച്ച ആദ്യത്തെ 150 ആളുകളിൽ ഞാനും ഉൾപ്പെടുന്നു, അത് എനിക്ക് വളരെയധികം സന്തോഷം നൽകി. എല്ലാ വർഷവും തീർച്ചയായും അയോദ്ധ്യയിൽ വരുമെന്നും എനിക്ക് ഇത് ആത്മീയതയാണ്, വിശ്വാസമാണ് രാഷ്‌ട്രീയമല്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഓരോരുത്തർക്കും വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടാകാം, അത് എല്ലാ സമയത്തും പൊരുത്തപ്പെടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.