ചെന്നൈ: പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച നടന്‍ വിജയ്‌യെ സ്വാഗതം ചെയ്ത് ബി.ജെ.പി. ബി.ജെ.പിയുടെ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ ആണ് നടനെ സ്വാഗതം ചെയ്തത്. വിജയ്‌യുടെ രാഷ്ട്രീയപ്രവേശം ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ വിജയ് നേരിടേണ്ടത് കടുത്ത വെല്ലുവിളികളാണ്. കമൽ ഹാസൻ, വിജയകാന്ത് തുടങ്ങിയവർ പരീക്ഷിച്ച് പരാജയപ്പെട്ട സ്ഥലത്തേക്കാണ് വിജയ് ചുവടുകൾ വെച്ചത്.
രാഷ്‍ട്രീയ പാര്‍ട്ടി രൂപീകരിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി ആകുക എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുക ഒട്ടും എളുപ്പമാകില്ല. ഉചിതമായ സമയത്തിനായുള്ള കാത്തിരിപ്പ് വിജയ് അവസാനിപ്പിക്കുമ്പോള്‍ തലമുറ മാറ്റത്തിന്റെ പടിവാതിലിലാണ് തമിഴക രാഷ്‍ട്രീയം. തമിഴ് രാഷ്‍ട്രീയത്തിന്റെ പുത്തൻ തലമുറയില്‍ ആരാകും വാഴുക എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്. യുവവോട്ടർമാരിലാണ് വിജയ്‌യുടെ കണ്ണും. മുഖ്യമന്ത്രിയാകാനാവശ്യമായ 40 ശതമാനം വോട്ടുകൾ കണ്ടെത്തുക എന്നത് ആനകേറാമല പോലെയാണോ വിജയ്‌യ്ക്ക് എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. ആരാധക പിന്തുണ വോട്ടാക്കി മാറ്റാൻ തന്നെയാണ് വിജയ് ലക്ഷ്യമിടുന്നത്.
നടൻ വിജയകാന്ത് സ്ഥാപിച്ച ഡിഎംഡികെ ആദ്യ തെരഞ്ഞെടുപ്പിൽ 234 മണ്ഡലത്തിലും മത്സരിച്ചപ്പോൾ നേടിയത് 8.38 ശതമാനം വോട്ടുകളാണ്. മക്കൾ നീതിമയ്യത്തിലൂടെ തമിഴ് രാഷ്ട്രീയത്തില്‍ ചലച്ചിത്ര നടൻ കമല്‍ഹാസൻ അരങ്ങേറിയപ്പോള്‍ പാര്‍ട്ടിക്ക് കിട്ടിയത് 2.62 ശതമാനം വോട്ടും. വിജയകന്തിനു വിരുദാചലത്ത് വിജയിക്കാനായി. കോയമ്പത്തൂർ കടമ്പയിൽ കമൽഹാസൻ വീണു. പന്ത്രണ്ട് ശതമാനം മുതൽ 15 വരെ വോട്ടുകൾ ഒറ്റയ്ക്ക് മത്സരിച്ചാൽ വിജയ്‍യുടെ പാർട്ടിക്ക് പരമാവധി നേടിയെക്കാനാകുമെന്നാണ് റിപ്പോർട്ട്. കന്നി അങ്കം ആയത് കൊണ്ട് തന്നെ ഡിഎംകെ, എഐഎഡിഎംകെ, ബിജെപി തുടങ്ങിയ കക്ഷികളുമായി കൈകോർക്കാൻ വിജയ് ഉണ്ടാകില്ല എന്നുറപ്പിക്കാം.