ഇത്രയും സുന്ദരിയായ പെണ്‍കുട്ടിയെ ആദ്യമായാണ് കാണുന്നത്, പിന്തുടർന്ന് പിന്തുടർന്ന് അവസാനം ഇഷ്ടപ്പെടുത്തി: സുദേവ് നായര്‍
മലയാളത്തിന്റെ പ്രിയതാരമാണ് സുദേവ് നായർ. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ വിവാഹം നടന്നത്. മോഡല്‍ രംഗത്ത് മിന്നി തിളങ്ങുന്ന അമർദീപ് കൗറാണ് വധു. ദീർഘനാളത്തെ പ്രണയത്തിന് ശേഷം ഗുരുവായൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. ഇപ്പോള്‍, തന്റെ ജീവിത പങ്കാളിയെക്കുറിച്ച് സുദേവ് പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.
read also: വിജയ്‌യുമായി കൈകോർക്കുമോ? രാഷ്ട്രീയ നിലപാട് പറഞ്ഞ് കമൽഹാസൻ
‘അമർദീപ് മോഡലാണ്. മിസ് ഇന്ത്യ 2017 ഫൈനലിസ്റ്റാണ്. ഗുജറാത്തിനെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്. ഞങ്ങള്‍ ബോംബയില്‍ വച്ചാണ് പരിചയപ്പെടുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. അവസാനം ഞങ്ങള്‍ വിവാഹിതരായി. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇതാണ് ഞങ്ങളുടെ കഥ. കേരളത്തില്‍ തന്നെ കല്യാണം നടത്തണമെന്ന് യഥാർത്ഥത്തില്‍ അമർദീപിനായിരുന്നു നിർബന്ധം. അത് നല്ലൊരു എക്സ്പീരിയൻസായിരുന്നു. എന്റെ അച്ഛനും അമ്മയ്‌ക്കും ഒരുപാട് സന്തോഷമായി. ചെറിയ ഒരു പരിപാടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം. ഒരു ഹാപ്പി മൂഡിലാണ്. പരിചയപ്പെട്ടിട്ട് മൂന്ന് വർഷമായി, പ്രണയത്തിലായിട്ട് രണ്ട് വർഷവും. ബോംബയില്‍ വച്ചാണ് അമറിനെ കണ്ടു മുട്ടുന്നത്. ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ആദ്യമായാണ് ഞാൻ കാണുന്നത്. കണ്ടപ്പോള്‍ തന്നെ ഫ്ലാറ്റായി. പിന്തുടർന്ന്, പിന്തുടർന്ന് അവസാനം ഇഷ്ടപ്പെടുത്തി’- സുദേവ് നായർ പറഞ്ഞു.
സുദേവ് നായരുമായുള്ള പ്രണയത്തെപ്പറ്റി അമർദീപ് കൗറും മനസ് തുറന്നു. ‘ഞങ്ങളുടെ പ്രണബന്ധം വളരെ സമാധാനപരവും സന്തോഷകരവുമായിരുന്നു. വിവാഹത്തിനായി ഗുരുവായൂർ ക്ഷേത്രം ഞങ്ങള്‍ തിരഞ്ഞെടുക്കുകയായിരുന്നു. ദൈവ സാന്നിധ്യത്തില്‍ വിവാഹം കഴിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ഗുരുവായൂർ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിക്കാൻ സാധിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പ്രണയബന്ധം മനോഹരമായി മുന്നോട്ടു പോയതോടെ വിവാഹം കഴിക്കാൻ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു’-അമർദീപ് കൗർ പറഞ്ഞു.