മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ നയൻതാരയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തമിഴിലെ നമ്പർ വൺ നായികയായി നയൻതാര സ്ഥാനമുറപ്പിച്ചിട്ട് കുറച്ച് വർഷമായി. ഇതിനിടെ വമ്പൻ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും നയൻ തിരഞ്ഞെടുക്കാത്ത ഒരു സിനിമയുണ്ട്. നടനും വ്യവസായിയുമായി ലെജെൻഡ് ശരവണിന്റെ സിനിമ നയൻതാര അത്തരത്തില്‍ വേണ്ടെന്നുവെച്ചതാണ്. അരുള്‍ ശരവണൻ നായകനായി എത്തിയ ദ ലെജൻഡ് ചര്‍ച്ചയായിരുന്നു. ജെഡി ആൻഡ് ജെറിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിലേക്ക് പ്രധാന വേഷത്തിലേക്ക് പരിഗണിച്ച താരമായിരുന്നു നടി നയൻതാര. ദ ലെജൻഡില്‍ പ്രതിഫലമായി 10 കോടി രൂപ വാഗ്‍ദാനം ചെയ്‍തിട്ടും നയൻതാര ആ വേഷം വേണ്ടെന്നുവയ്‍ക്കുകയായിരുന്നു എന്നാണ് അക്കാലത്ത് ട്രേഡ് അനലിസ്റ്റുകള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്‍തത്.
സിനിമയില്‍ ശരണവണൻ ഒരു തുടക്കകാരനാണെന്നതിനാലാണ് കോടികളുടെ പ്രതിഫലം ലഭിക്കുമായിരുന്നിട്ടും ആ നായികാ വേഷം നയൻതാര വേണ്ടെന്നുവെച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഉര്‍വ്വശി റൌട്ടേലയായിരുന്നു പിന്നീട് ആ ചിത്രത്തില്‍ നായികയായി എത്തിയത്. ലെജൻഡ് ശരവണൻ പുതിയ ഒരു സിനിമയില്‍ നായകനായി വേഷമിടാൻ ഒരുങ്ങവേയാണ് മുമ്പ് നയൻതാര നായികാ വേഷം വേണ്ടെന്നു വച്ച കാര്യം വീണ്ടും ആരാധകരുടെ ചര്‍ച്ചകളില്‍ നിറയുന്നത്. ആര്‍ എസ് ദുരൈ സെന്തില്‍കുമാറിന്റെ ചിത്രത്തിലാകും ശരവണൻ ഇനി നായകനാകുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
സംവിധായകൻ അരുണ്‍രാജ കാമരാജിന്റെ പുതിയ ചിത്രത്തില്‍ നയൻതാര നായികയാകും എന്ന് ഒരു റിപ്പോര്‍ട്ടുണ്ട്. നയൻതാരയുടേത് നായികാ പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. എന്തായിരിക്കും പ്രമേയമെന്ന്വെളിപ്പെടുത്തിയിട്ടില്ല. നിര്‍മാണ നിര്‍വണം പ്രിൻസ് പിക്ചേഴ്‍സായിരിക്കും. ഇതോടൊപ്പം, സിദ്ധാർഥ്, മാധവൻ, മീരാ ജാസ്മിൻ എന്നവർ അഭിനയിക്കുന്ന ടെസ്റ്റ് ആണ് നയൻതാരയുടെ പുറത്തിറങ്ങാനുള്ള ചിത്രം.