ഹൈദരാബാദ്: തന്‍റെ ജീവിതത്തിലെ പെരുമാറ്റം കൊണ്ട് എന്നും ട്രോള്‍ ചെയ്യപ്പെടാറുള്ള താരമാണ് ബാലയ്യ. പലപ്പോഴും പൊതുവേദിയില്‍ ആളുകളോട് ദേഷ്യപ്പെടാറുണ്ട്. തെലുങ്ക് ദേശം പാര്‍ട്ട് എംഎല്‍എ കൂടിയായ താരം. എന്തായാലും ബാലയ്യയുടെ ഈ സ്വഭാവവുമായി ബന്ധപ്പെട്ട് തമിഴ് സംവിധായകന്‍ കെഎസ് രവികുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ബാലകൃഷ്ണയെ പരിഹസിക്കുന്ന വീഡിയോ വൈറലായതോടെ തമിഴ് സംവിധായകൻ കെഎസ് രവികുമാർ വിവാദത്തിൽ. ദേഷ്യം വന്നാല്‍ ആരെയും കയറി അടിക്കുന്ന സ്വഭാവക്കാരനാണ് നന്ദമൂരി ബാലകൃഷ്ണ എന്നാണ് കെഎസ് രവികുമാര്‍ പറയുന്നത്. തന്‍റെ തെലുങ്ക് ചിത്രത്തിന്‍റെ സെറ്റില്‍ നടന്ന ഒരു സംഭവം കെഎസ് രവികുമാര്‍ ചെന്നൈയില്‍ നടന്ന ഒരു ചടങ്ങില്‍ വ്യക്തമാക്കി.
ഒരു ദിവസം തന്റെ അസിസ്റ്റന്റ് ബാലയ്യക്ക് നേരെ ഫാൻ തിരിച്ച് വെച്ചു. കാറ്റിൽ വിഗ് അഴിഞ്ഞ് പോയി. ഇത് കണ്ട് രവി കുമാറിന്‍റെ സംവിധാന സഹായി ശരവണന്‍ ചിരിച്ചു. ഇതോടെ ബാലയ്യയ്ക്ക് ദേഷ്യം വന്നു. നീ എന്തിനാണ് ചിരിക്കുന്നത്. നീ മറ്റെ ഗ്യാംങ് അല്ലെ, നിന്നെ ആരാണ് ഇവിടെ കയറ്റിയത് എന്നൊക്കെ ചോദിച്ച് ചൂടായി. ശരവണനെ തല്ലും എന്ന ഘട്ടത്തിലായി. എന്നാൽ ഉടന്‍ കെഎസ് രവികുമാര്‍ ഇടപെട്ടു. ബാലയ്യയെ തൃപ്തിപ്പെടുത്താൻ വേണ്ടി അസിസ്റ്റന്റിനെ വഴക്ക് പറഞ്ഞെന്നും കെഎസ് രവി കുമാർ തുറന്ന് പറഞ്ഞു. രവികുമാറിന്‍റെ വാക്കുകള്‍ തെലുങ്ക് സിനിമാ മാധ്യമങ്ങളിൽ വലിയ വാർത്തയായിട്ടുണ്ട്. രവികുമാറിന്റെ വാക്കുകൾ കേട്ട് ഹൻസിക ചിരിച്ചുവെന്നും റിപ്പോർട്ട് വന്നു. ഇത് ആരാധകരെ രോഷാകുലരാക്കിയിരിക്കുകയാണ്.
കെഎസ് രവികുമാര്‍ ബാലകൃഷ്ണയുടെ ജയ് സിംഹ, റൂളര്‍ എന്നീ ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്. നന്ദമൂരി ബാലകൃഷ്ണ നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം ‘ഭഗവന്ത് കേസരി’യാണ്. ശ്രീലീല, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. ബോളിവുഡ് താരം അര്‍ജുന്‍ റാംപാല്‍ ആയിരുന്നു ചിത്രത്തിലെ വില്ലന്‍.