മലയാളി പ്രേക്ഷകരേയും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും വിമർശിച്ച് മലയാളി നടി മേഘ്ന എല്ലെൻ. കേരളത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇത്ര ചർച്ചയാകുന്നില്ലെന്നും അതിനും മാത്രം സംഭവമല്ല ഈ ചിത്രമെന്നുമാണ് മേഘ്ന പറയുന്നത്. തമിഴ്‌നാട്ടുകാര്‍ എന്തിനാണ് ഈ സിനിമയ്ക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നതെന്നും നടി ചോദിച്ചു. കഴിഞ്ഞ ദിവസം റിലീസായ അരിമപ്പട്ടി ശക്തിവേല്‍ എന്ന ചിത്രത്തിലെ നായികയാണ് മേഘ്‌ന. സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം മേഘ്‌ന മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് നടത്തിയ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.
എന്തിനാണ് ഒരു മലയാള സിനിമക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നതെന്നും, കേരളത്തില്‍ ഈ സിനിമ വെറും ആവറേജ് മാത്രമാണെന്നുമാണ് മേഘ്‌ന പറഞ്ഞത്. ഞാന്‍ ഒരു മലയാളിയാണെന്ന് പറഞ്ഞുകൊണ്ടാണ് താരം ഇത്തരത്തിൽ സംസാരിച്ചത്. എന്നാല്‍ സിനിമയുടെ പേര് പോലും നടിക്ക് ശരിക്ക് പറയാന്‍ കഴിഞ്ഞില്ല. ‘മഞ്ചുമ്മള്‍ ബോയ്‌സ്’ എന്നാണ് നടി ചിത്രത്തിന്റെ പേര് പറഞ്ഞത്.
‘ഞാനും ഒരു മലയാളിയാണ്. നിങ്ങള്‍ പറയുന്ന ആ ചെറിയ സിനിമ, മഞ്ചുമ്മള്‍ ബോയ്‌സ് അതിന് കേരളത്തില്‍ പോലും ആവറേജ് അഭിപ്രായമാണ് ഉള്ളത്. ആ സിനിമ എന്തിനാണ് ഇവിടെ ഇത്ര വലിയ രീതിയില്‍ ആഘോഷിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാനും ഈ സിനിമ കണ്ടതാണ്. അത്ര വലിയ സംഭവമായി എനിക്ക് തോന്നിയിട്ടില്ല. ഇവിടെ വരുന്ന ചെറിയ സിനിമകളെ സപ്പോര്‍ട്ട് ചെയ്താല്‍ മാത്രമാണ് ഇവിടെയും ചെറിയ സിനിമകള്‍ ചെയ്യാന്‍ ധൈര്യമുണ്ടാകുള്ളൂ. അത്രയ്‌ക്കൊക്കെ ആഘോഷമാക്കാന്‍ മഞ്ചുമ്മള്‍ ബോയ്‌സില്‍ എന്താണുള്ളതെന്ന് എനിക്ക് മനസിലായില്ല,’ എന്നായിരുന്നു മേഘ്‌ന പറഞത്.
‘തമിഴ്നാട്ടിൽ മലയാള സിനിമകൾ ആഘോഷമാക്കുന്നതുപോലെ കേരളത്തിൽ തമിഴ് പടങ്ങൾ ആഘോഷിക്കാറില്ല. കേരളത്തിൽ ആകെ ഹിറ്റാകുന്നത് വിജയ് ചിത്രങ്ങൾ മാത്രമാണ്. ചെറിയ സിനിമകൾ വരുന്നതും പോകുന്നതും അവിടെ ആരും അറിയുന്നില്ല. അവർ തമിഴ് സിനിമകളെ അധികം പ്രോത്സാഹിപ്പിക്കുന്നില്ല. പിന്നെ എന്തിനാണ് ഇവിടെ ഇവർ മലയാള സിനിമകളെ ഇത്ര പ്രോത്സാഹിപ്പിക്കുന്നതെന്ന് എനിക്ക് അറിയില്ല’, മേഘന ചോദിച്ചു
അതേസമയം, വിവാദ പരാമർശത്തിൽ നടിക്കെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇവരിൽ തമിഴ്‌നാട് സ്വദേശികളും മലയാളികളും എല്ലാം ഉണ്ട്. തമിഴിലെ സർവകാല മലയാള സിനിമാ റെക്കോർഡും തകർത്തുകൊണ്ട് മുന്നേറുന്ന ഒരു ചിത്രത്തെ കുറിച്ച് എങ്ങനെ ഇത്തരത്തിൽ പറയാൻ കഴിയും എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഒപ്പം, ഭാഷാ വ്യത്യാസമില്ലാതെ മലയാളികൾ തിയേറ്ററുകളിൽ വിജയിപ്പിച്ച സിനിമകളുടെ ലിസ്റ്റ് എടുത്താൽ തീരില്ല. തമിഴ് സിനിമകൾ കേരളത്തിലെ തിയേറ്ററുകളിൽ ഉണ്ടാക്കുന്ന ഓളം ചെറുതല്ല.