എന്നെ സംബന്ധിച്ചിടത്തോളം ആദ്യം രാഷ്‌ട്രം പിന്നെ മതവും കുടുംബവും, ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്നു: ഉണ്ണി മുകുന്ദൻ
തന്റെ വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും തുറന്നു പറയുന്ന നടനാണ് ഉണ്ണി മുകുന്ദൻ. ദേശീയ കാഴ്ചപ്പാടുകളിലൂന്നി അഭിപ്രായം പ്രകടിപ്പിക്കുന്നത് കൊണ്ടുതന്നെ ഉണ്ണി മുകുന്ദനെതിരെയും അദ്ദേഹത്തിന്റെ സിനിമകള്‍ക്കെതിരെയും വ്യാപകമായ സൈബർ ആക്രമണങ്ങളും ഉയരാറുണ്ട്. ഇപ്പോഴിതാ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ തന്നെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രമാണ് ആദ്യമെന്നു തുറന്നു പറയുകയാണ് ഉണ്ണി മുകുന്ദൻ.
‘നിങ്ങള്‍ ചില ധീരമായ നിലപാടുകള്‍ സ്വീകരിക്കുകയും പ്രധാനമന്ത്രിയോടുള്ള ആരാധന പ്രകടിപ്പിക്കുകയും ചെയ്തു’ എന്ന ചോദ്യത്തിനാണ് താൻ ഒരു ദേശീയ വാദിയാണെന്നും രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന ഏതൊരാളെയും ബഹുമാനിക്കുമെന്നും ഉണ്ണി മുകുന്ദൻ മറുപടി നൽകിയത്.
read also: നന്നായി ഉറങ്ങാൻ കഴിയുന്നില്ലേ? ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ…
‘അതൊരു ധീരമായ പ്രസ്താവനയാണോ? പ്രധാനമന്ത്രി ഏതെങ്കിലും പ്രത്യേക പാർട്ടിയുടെ ആളല്ല. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും എനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ടായിരുന്നു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയെയും ഞാൻ പൂർണമായി ബഹുമാനിക്കുന്നു. 13 വർഷമായി ഒരു പിൻബലവുമില്ലാതെ ഞാൻ മലയാളം ഇൻഡസ്‌ട്രിയില്‍ അതിജീവിച്ചു. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങളെ നേരിടാൻ കരുത്തുണ്ടെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. എന്റെ വിശ്വാസങ്ങള്‍ക്ക് നേരെ വരുന്ന എന്തിനെയും പ്രതിരോധിക്കാൻ എനിക്ക് അവകാശമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രമാണ് ആദ്യം. പിന്നെ മതവും കുടുംബവും. മതം എന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള ഒരു വീക്ഷണം നല്‍കുന്ന ഒന്നാണ്. ഒരു സമൂഹമെന്ന നിലയില്‍ നിലനില്‍ക്കാനും അച്ചടക്കം സൃഷ്ടിക്കാനും മതം സഹായിക്കുന്നു. കുട്ടിക്കാലം മുതക്കെ, എന്റെ സമീപനം മതത്തേക്കാള്‍ ആത്മീയതയിലായിരുന്നു. എന്റെ കുട്ടിക്കാലത്ത്, മുസ്ലീങ്ങള്‍ ഉള്‍പ്പെടെ വിവിധ സമുദായങ്ങളില്‍ നിന്നുള്ള 25 ആണ്‍കുട്ടികളുടെ സംഘത്തിലെ ഒരാളായിരുന്നു ഞാൻ. ഞങ്ങള്‍ ഒരുമിച്ച് ജിമ്മില്‍ പോകുന്നു, ആരോഗ്യത്തിനായി ഞങ്ങള്‍ ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്നു. ഇത് ബാലിശമായി തോന്നാം. പക്ഷേ ഞാൻ അങ്ങനെയാണ്. എനിക്ക് ദൈവവുമായി ശക്തമായ ബന്ധമുണ്ട്’- ഉണ്ണി മുകുന്ദൻ പറഞ്ഞു.