വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന നടി അരുന്ധതി നായര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് നടി ഗൗരി കൃഷ്ണന്‍. നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ അരുന്ധതി ക്രിട്ടിക്കല്‍ സ്റ്റേജിലാണെന്നും 50 ലക്ഷത്തോളം രൂപ ആവശ്യമുണ്ട് എന്നും ഗൗരി പറയുന്നു. അരുന്ധതിയുടെ തലയിലെ പരിക്കുകള്‍ ജീവന് ഭീഷണിയാണ്.
‘അരുന്ധതിക്ക് അപകടം സംഭവിച്ച് ആറ് ദിവസമായി. ബൈക്ക് ഓടിച്ചയാള്‍ക്ക് ഒരു ഓട്ടോയാണ് ഇടിച്ചത് എന്ന് മാത്രമാണ് ഓര്‍മ്മ. അരുന്ധതി ബൈക്കിന്റെ പിന്നില്‍ ഇരിക്കുകയായിരുന്നു. നല്ല ശക്തിയില്‍ ഉള്ള ഇടി ആയതുകൊണ്ട് അരുന്ധതിക്ക് പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. അഞ്ചു ദിവസം പിന്നിട്ടിട്ടും അരുന്ധതി കോണ്‍ഷ്യസ് ആയിട്ടില്ല. ഡോക്ടര്‍മാര്‍ ഒരു 10% സാധ്യതയാണ് പറയുന്നത്. ഇപ്പോഴുള്ള പ്രതിസന്ധി ആ കുട്ടിയെ ചികിത്സിക്കാനുള്ള ഫണ്ട് ആണ്. ഞങ്ങള്‍ എല്ലാവരും ഞങ്ങളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന സഹായം ഒക്കെ ചെയ്യുന്നുണ്ട്. ഏകദേശം 50 ലക്ഷം രൂപയോളം ഇപ്പോള്‍ അത്യാവശ്യമാണ്. അവളെ സഹായിക്കാന്‍ കഴിയുന്നവര്‍ പരമാവധി സഹായിക്കണം’, ഗൗരി തന്റെ വീഡിയോയിൽ പറഞ്ഞു.
അതേസമയം, ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിംഗ് കഴിഞ്ഞ ശേഷം സഹോദരനൊപ്പം ബൈക്കില്‍ മടങ്ങുമ്പോള്‍ ആയിരുന്നു കോവളം ഭാഗത്ത് വച്ച് അരുന്ധതിക്ക് അപകടം സംഭവിച്ചത്. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പരുക്കേറ്റ ഇവര്‍ ഒരു മണിക്കൂറോളം റോഡില്‍ തന്നെ കിടന്നുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് അതുവഴി പോയ ഒരു യാത്രക്കാരന്‍ ആണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.