‘മണല്‍ക്കാറ്റിന് അകത്ത് നില്ക്കുമ്പോള് ഭയങ്കര വേദന എടുക്കും, അത്ര സ്പീഡിലാണ് മണ്ണ് വന്ന് അടിക്കുന്നത്’
ഏകദേശം 16 വർഷം നീണ്ട ബ്ലെസിയുടെ ജീവിതവും അധ്വാനവുമാണ് ആടുജീവിതം എന്ന സിനിമ. ബെന്ന്യാമിന്റെ ‘ആടുജീവിതം’ എന്ന ബുക്കിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ചിത്രം റിലീസിനൊരുങ്ങുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. നോവലിലൂടെ വായിച്ചറിഞ്ഞ, നജീബ് എന്ന ആളുടെ അനുഭവങ്ങൾ തിയേറ്ററിൽ കാണാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. മരുഭൂമിയിൽ നജീബ് അനുഭവിച്ച ജീവിത ദുരിതങ്ങൾ ഏതൊരു മനുഷ്യനെയും തകർത്തുകളയുന്നതാണ്.
‘ആടുജീവിതം’ സിനിമയ്ക്കായി ശരീരത്തില്‍ ഒരുപാട് ട്രാന്‍സ്ഫൊമേഷന്‍സ് ആണ് പൃഥ്വിരാജ് വരുത്തിയത്. 31 കിലോയോളം ശരീരഭാരമാണ് പൃഥ്വിരാജ് കുറിച്ചത്. മരുഭൂമിയിലെ ഷൂട്ടിംഗിന് ഇടയിലും നിരവധി ബുദ്ധിമുട്ടുകള്‍ പൃഥ്വി അനുഭവിച്ചിരുന്നു. മരുഭൂമിയിലെ മണല്‍ക്കാറ്റിന്റെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. 10-12 ദിവസം കഴിഞ്ഞിട്ടും ചുമക്കുമ്പോള്‍ വായില്‍ നിന്നും മണ്ണ് വന്നിരുന്നുവെന്നാണ് നടന് പറയുന്നത്. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മരുഭൂമിയില്‍ അതിരാവിലെ, അര്‍ധരാത്രി എന്നൊക്കെ പറയുന്നത് വേറൊരു ലോകം പോലെയാണ്. ഈ സിനിമയില്‍ ഒരു മണല്‍ക്കാറ്റിന്റെ സീക്വന്‍സ് ഉണ്ട്. സ്വാഭവികമായും വിഎഫ്എക്സും സിജിയുമൊക്കെ വച്ചാണ് അത് ചെയ്യുന്നത്. പക്ഷെ ഞങ്ങള്‍ ഈ സീക്വന്‍സ് എടുക്കാന്‍ പോകുന്നതിന് മുമ്പ്, വാദിറാമില്‍ ഒരു ദിവസം മണല്‍ക്കാറ്റ് വരാന്‍ പോകുന്നുവെന്ന വിവരം ഞങ്ങള്‍ക്ക് കിട്ടി. മണല്‍ക്കാറ്റ് വരുമ്പോള്‍ ഷൂട്ട് ക്യാന്‍സല്‍ ചെയ്യുകയാണ് പതിവ്. മണല്‍ക്കാറ്റ് വരുമെന്ന വിവരത്തെ തുടര്‍ന്ന് എത്രയോ ദിവസങ്ങള്‍ ഷൂട്ട് ചെയ്യാതെ ക്യാമ്പില്‍ ഇരുന്നിട്ടുണ്ട്. മണല്‍ക്കാറ്റ് ഷൂട്ട് ചെയ്യാന്‍ തയാറടുത്ത ദിവസം അത് വരുമെന്ന വിവരം കിട്ടിയപ്പോള്‍, എന്നാല്‍ പിന്നെ നമുക്ക് ഒറിജിനല്‍ മണല്‍ക്കാറ്റില്‍ ചിത്രീകരിച്ചാലോ എന്ന് ബ്ലെസി ചേട്ടന് ചോദിച്ചു. ക്യാമറ ടീം പറഞ്ഞു, പറ്റത്തില്ല, ക്യാമറ പുറത്തിറക്കാന്‍ പറ്റത്തില്ല, കുഴപ്പമാണ് എന്നൊക്കെ.
ഞങ്ങള്‍ ഗ്യാരണ്ടി തരാം, വേണേല്‍ പുതിയ ക്യാമറ വാങ്ങി തരാം എന്നൊക്കെ ബ്ലെസി ചേട്ടന് പറഞ്ഞ് കണ്‍വിന്‍സ് ചെയ്തു. ഈ സിനിമയിലെ കുറേയധികം ഷോട്ടുകള്‍ ഒറിജിനല്‍ മണല്‍ക്കാറ്റില്‍ ചിത്രീകരിച്ചതാണ്. വിഎഫ്എക്സ് ഉപയോഗിക്കാത്ത ഷോട്ടുകള്‍ പോലും സിനിമയില്‍ ഉണ്ട്. ഇത് ഷൂട്ട് ചെയ്തത് ഒരു കാര്യം, ഇതിനിടെ പോയി നില്‍ക്കുന്നത് വേറൊരു കാര്യമാണ്. ശരിക്കും നമ്മള് വെളിയില്‍ നിന്നും കാണുന്നത് അല്ല മണല്‍ക്കാറ്റിന് അകത്ത് നില്ക്കുമ്പോള്. ഭയങ്കര വേദന എടുക്കും. അത്ര സ്പീഡിലാണ് ഈ മണ്ണ് വന്ന് നമ്മുടെ മുഖത്തും കണ്ണിലും ഒക്കെ അടിക്കുന്നത്. ജിമ്മി ജെയ്നും ഞാനുമാണ് ആ സീക്വന്‍സില്‍ ഉള്ളത്. ആ സീന്‍ എടുത്തിട്ട് 10-12 ദിവസമൊക്കെ കഴിഞ്ഞിട്ടും നമ്മള് എപ്പോഴെങ്കിലും ചുമച്ചാല്‍ മണ്ണ് വായിനകത്ത് നിന്നും വരും’, പൃഥ്വിരാജ് പറയുന്നു.