നാട്ടിലെത്തി മകനെ ആദ്യമായി കാണുമ്പോൾ അവന് കൊടുക്കാൻ ഒരു മിഠായി പോലും എന്റെ കയ്യിലുണ്ടായിരുന്നില്ല: നജീബ്


പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 16 വർഷത്തെ ബ്ലെസിയുടെ യാത്രയാണ് ഈ സിനിമ. നജീബ് എന്ന യുവാവ് ഗൾഫിലെ മരുഭൂമിയിൽ അനുഭവിച്ച ‘ജീവിതം’ ആണ് സിനിമ പറയുന്നത്. മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

ഇപ്പോഴിതാ മരുഭൂമിയിലെ ആടുകൾക്കൊപ്പമുള്ള ജീവിതത്തിൽ നിന്ന് അതിജീവിച്ച ശേഷം നാട്ടിലെത്തിയപ്പോഴുള്ള തന്റെ മാനസികാവസ്ഥയെ പറ്റി സംസാരിക്കുകയാണ് യഥാർത്ഥ നജീബ്. തന്റെ മകൻ തന്നെ തിരിച്ചറിഞ്ഞിരുന്നില്ലെന്നും, എന്നാൽ അതിനേക്കാൾ തന്നെ വിഷമിപ്പിച്ചത് അവന് കൊടുക്കാൻ കയ്യിൽ ഒരു മിഠായി പോലും ഉണ്ടായിരുന്നില്ല എന്നതാണെന്നും നജീബ് പറയുന്നു.

‘കറുത്ത് ക്ഷീണിച്ചാണ് ഞാൻ നാട്ടിലെത്തിയത്. ആർക്കും എന്നെ പെട്ടെന്ന് മനസിലായില്ല. ഭാര്യക്ക് ആൺകുഞ്ഞ് ജനിച്ചെന്നും, അവന് നബീൽ എന്ന് പേരിട്ടെന്നും ഫോണിലൂടെയാണ് ഞാൻ അറിഞ്ഞത്. വീട്ടിലെത്തിയപ്പോൾ എൻ്റെ വാപ്പയുടെ അടുത്ത് മകൻ നിൽക്കുന്നുണ്ടായിരുന്നു. അവനോട് എൻ്റെ വാപ്പ പറഞ്ഞത് ‘എടാ ഇതാണ് നിന്റെ വാപ്പ’ എന്നായിരുന്നു. അത് കേട്ട് എന്നെ നോക്കിയിട്ട് ‘ഇതെന്റെ വാപ്പയൊന്നും അല്ല’ എന്ന് പറഞ്ഞ് അവൻ പോയി. എന്നെ അവൻ തിരിച്ചറിയാത്തതിനെക്കാൾ വിഷമമായത് അവനെ ആദ്യമായി കാണുമ്പോൾ കൊടുക്കാൻ വേണ്ടി ഒരു മിഠായി പോലും എൻ്റെ കൈയിൽ ഇല്ലല്ലോ എന്നായിരുന്നു. ബെന്യാമിൻ സാർ എൻ്റെ കഥ നോവലാക്കിയ ശേഷം ഒരുപാട് രാജ്യങ്ങളിൽ എനിക്ക് പോവാൻ പറ്റി. ഇനിയെനിക്ക് അധികം യാത്രയൊന്നും ചെയ്യാതെ ഭാര്യയോടും കുടുംബത്തോടും കൂടെ സന്തോഷമായി ജീവിക്കണമെന്ന് മാത്രമേയുള്ളൂ’, ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ നജീബ് പറഞ്ഞു.

പ്രവാസി ആയിരുന്ന നജീബിന്റെ യഥാർത്ഥ അനുഭവം ആണ് എഴുത്തുകാരൻ ബെന്യാമിൻ ‘ആടുജീവിതം’ എന്ന നോവൽ ആക്കി മാറ്റിയത്. ഈ നോവലിനെ ആധാരമാക്കിയാണ് ബ്ലെസി ‘ആടുജീവിതം’ എന്ന സിനിമ നിർമിച്ചത്. 250-ഓളം പതിപ്പുകൾ പുറത്തിറങ്ങിയ ആടുജീവിതം സിനിമയാക്കിയപ്പോൾ നോവലിലെ വൈകാരിക രംഗങ്ങളുമായി എത്രത്തോളം സിനിമ നീതി പുലർത്തി എന്ന തരത്തിലുള്ള ചർച്ചകൾ നിരവധി നടക്കുന്നുണ്ട്. എന്നാൽ സിനിമയെന്നത് സംവിധായകന്റെ മാത്രം കലയാണെന്നുമുള്ള വാദങ്ങളും ഉയർന്നുവരുന്നുണ്ട്.