ആ മനുഷ്യനെ ഒരു മൃഗരതിക്കാരനാക്കി, ഷുക്കൂറിന്റെ ജീവിതമല്ലെങ്കിൽ അയാളെ എന്തിനു പൊതു വേദികളിൽ എഴുന്നള്ളിച്ചു: കുറിപ്പ്


ബെന്യാമിന്റെ വാദങ്ങളെ പൊളിച്ചടുക്കി മാധ്യമ പ്രവർത്തകൻ കെ എ ഷാജി. ഷുക്കൂറിന്റെ ജീവിതം മുപ്പതു ശതമാനം മാത്രമാണ് ആടുജീവിതത്തിൽ ഉള്ളതെന്നും തന്റെ ഭാവനയും കൂടി ചേർന്നതാണ് നോവലെന്നും ബെന്യാമിൻ പറഞ്ഞതിനെയാണ് കെ എ ഷാജി വിമർശിച്ചത്. ‘നജീബെന്നും ഷുക്കൂറെന്നും സൗകര്യം പോലെ നിങ്ങൾ മാറി മാറി വിളിച്ച ഒരു മനുഷ്യന്റെ യഥാർത്ഥ ജീവിതമെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടായിരുന്നില്ലേ അത്. ഇവിടെ അയാൾ അയാളെ തന്നെ പൊതുമണ്ഡലത്തിൽ പ്രത്യക്ഷനാക്കിയതല്ല. നിങ്ങൾ കൊണ്ടുപോയി അവതരിപ്പിച്ചതാണ്’- എന്ന് കെ എ ഷാജി സോഷ്യൽ മീഡിയ പോസ്റ്റിൽ ചോദിക്കുന്നു.

read also: ഭർത്താവിനെ കൊല്ലുന്നവർക്ക് അരലക്ഷം രൂപ പാരിതോഷികം; ഭാര്യയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടമ്പരന്ന് യുവാവ്, സംഭവം ഇങ്ങനെ

കുറിപ്പ് പൂർണ്ണ രൂപം

നോവൽ എന്ന് വച്ചാൽ ജീവചരിത്രം അല്ലെന്ന് മനസ്സിലാക്കാനുള്ള സാക്ഷരതയൊക്കെയുണ്ട്.
മനുഷ്യരുടെ അനുഭവങ്ങളെ ഫിക്ഷനിൽ ആവാഹിക്കുമ്പോൾ എഴുത്തുകാർ സർഗാത്മകതയുടെ പരമകോടിയിൽ പോയി നിൽക്കുമെന്നും ഭാവന അതിൻ്റെ എവറസ്റ്റ് കൊടുമുടി കയറുമെന്നും അറിയാം.
നോവൽ സിനിമയാക്കുമ്പോൾ അതിൻ്റെ രൂപഭാവങ്ങളിലും സൗന്ദര്യാത്മകതയിലും സമീപനങ്ങളിലും വ്യത്യാസം വരുമെന്നും അറിയാം.

സ്റ്റഡി ക്ലാസ്സിലൊന്നും പോകാതെ തന്നെ ഇത്തരം അടിസ്ഥാനപരമായ ധാരണകൾ ഉണ്ട്.
എന്നാൽ ഈ നോവലും അതിനെ അവലംബിച്ചുണ്ടായ സിനിമയും എങ്ങനെയാണ് മാർക്കറ്റ് ചെയ്യപ്പെട്ടത്? നജീബെന്നും ഷുക്കൂറെന്നും സൗകര്യം പോലെ നിങ്ങൾ മാറി മാറി വിളിച്ച ഒരു മനുഷ്യന്റെ യഥാർത്ഥ ജീവിതമെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടായിരുന്നില്ലേ അത്. ഇവിടെ അയാൾ അയാളെ തന്നെ പൊതുമണ്ഡലത്തിൽ പ്രത്യക്ഷനാക്കിയതല്ല. നിങ്ങൾ കൊണ്ടുപോയി അവതരിപ്പിച്ചതാണ്.

നിങ്ങളുടെ പ്രചാരണ വിദഗ്ദർ ആളുകളെ കൂട്ടാൻ വിവാദം കൊഴുപ്പിച്ചത് അയാളെ മുൻനിർത്തി തന്നെയാണ്. അറിഞ്ഞിടത്തോളം വച്ച് നോക്കുമ്പോൾ നോവലിന്റെ ആദ്യ പതിപ്പ് കൈമാറിയതും അയാൾക്ക് തന്നെയായിരുന്നു. സർഗാത്മക സാഹിത്യത്തിലെ വെട്ടുവഴികളും ട്വിസ്റ്റുകളും പുളകച്ചാർത്തുകളും അറിയാത്ത ഒരു സാധാരണ മനുഷ്യൻ. അങ്ങേയറ്റത്തെ നിസ്സഹായതയിൽ നിന്നും അതിജീവിച്ച ഒരു മനുഷ്യൻ. അയാൾക്ക് നിങ്ങളുടെ വിപണി തന്ത്രങ്ങൾ അറിയില്ല. കച്ചവടത്തിന്റെ നവീന കേവല യുക്തികളും അറിയില്ല.

നോവലിലും സിനിമയിലും കഷ്ടി മുപ്പത് ശതമാനം മാത്രമേ അയാളുള്ളൂ എങ്കിൽ അയാളുടെ ജീവിതകഥയെന്ന ലേബലിൽ ലോകം മുഴുവൻ വലിയ പ്രചാരണായുധമായി അയാളെ അവതരിപ്പിച്ചത് എന്തിനായിരുന്നു. ഒടുവിൽ ആ മനുഷ്യനെ ഒരു മൃഗരതിക്കാരനാക്കി അവതരിപ്പിച്ചുകൊണ്ട് അയാൾ അർഹിക്കുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങളും മിനിമം സാമൂഹിക അന്തസ്സും ജീവിച്ചിരിക്കാനുള്ള അവകാശവും നിഷേധിക്കുന്നത് സംബന്ധിച്ച് മാത്രമേ അഭിപ്രായം പറയുന്നുള്ളു.

ഈ സിനിമ റിലീസായ സമയത്ത് അങ്ങനെയൊരു വിവാദം ഉയർത്തിക്കൊണ്ട് വന്നതിൽ പ്രധാന ഉത്തരവാദി നോവലിസ്റ്റും അദ്ദേഹത്തിന്റെ പുരോഗമന ഭക്തജന സംഘവുമാണ്. ഒരു സാധാരണ മനുഷ്യൻ പരിഹസിക്കപ്പെടുന്നതിനെയും അപമാനിക്കപ്പെടുന്നതിനെയും കുറിച്ച് മാത്രമാണ് പറഞ്ഞിട്ടുള്ളത്. അതിനിയും പറയും. അല്ലാതെ ഈ നോവലോ സിനിമയോ ഒസ്കറിനും നോബൽ സമ്മാനത്തിനും അർഹമല്ല എന്നൊന്നും പറഞ്ഞിട്ടില്ല. പറയുകയുമില്ല. ലോകത്തെ എല്ലാ ഭാഷകളിലും ഈ നോവലും സിനിമയും വരുന്നതിലും ഇന്ത്യൻ വിപ്ലവം ഇതിലൂടെ സംഭവിക്കുന്നതിലും ഒരെതിർപ്പുമില്ല.

കംഗാരു കോടതിയുണ്ടാക്കി മനുഷ്യരെ വിചാരണ ചെയ്ത് മരണ ശിക്ഷ വിധിക്കുന്ന അടിമജീവിതങ്ങൾ ഈ വിഷയത്തിൽ എടുക്കുന്ന നിലപാടുകളിൽ പുതുമയില്ല. മനുഷ്യത്വവും നന്മയും ഇടതുപക്ഷ മൂല്യബോധങ്ങളും എന്നെ നഷ്ടപെട്ടവരാണ് ഈ കടന്നൽ കൂട്ടങ്ങൾ. അവരോട് പറയാൻ ഒന്നേയുള്ളു: ആടെന്തറിഞ്ഞു അങ്ങാടി വാണിഭം.