പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം 100 കോടി ക്ലബ്ബിൽ പ്രവേശിക്കുകയാണ്. സിനിമ ഇറങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം 100 കോടിയെന്ന വലിയ സംഖ്യ കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ നിന്നു മാത്രം ചിത്രത്തിൻറെ 7-ദിവസത്തെ കളക്ഷൻ 38.13 കോടിയാണ്. ആദ്യ ദിനം മലയാളം ബോക്സോഫീസിൽ നിന്നും 6.55 കോടിയാണ് ലഭിച്ചത്. നാലാം ദിനം ക്ലോസിങ്ങ് കളക്ഷനായി നേടിയത് 7.6 കോടി രൂപയാണ്. ഹിന്ദിയിൽ നിന്നും 42 ലക്ഷം, തമിഴിൽ നിന്നും 3.36 കോടി, തെലുഗിൽ നിന്നും 1.75 കോടി, കന്നടയിൽ നിന്നും 26 ലക്ഷം എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്ക്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നും ഏഴ് ദിവസം കൊണ്ട് സിനിമ നേടിയത് 81.1 കോടിയാണ്.
ഇതിൽ ഇന്ത്യയിൽ നിന്ന് മാത്രം 43.92 കോടിയും, ഓവര്‍ സീസ് കളക്ഷനായി 35 കോടിയും, ഇന്ത്യ ഗ്രോസ് കളക്ഷനായി 46.1 കോടിയുമാണ് ചിത്രം നേടിയത്. വരും ദിവസങ്ങളിൽ ചിത്രം 100 കോടി ക്ലബ്ബിൽ പ്രവേശിക്കും എന്നാണ് പ്രതീക്ഷ. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇത് സംഭവിക്കുമെന്ന് ആരാധകർ കരുതുന്നു. 2008-ൽ ആണ് ആടുജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളും പ്രരംഭ നടപടികളും ആരംഭിച്ചത്. 16 വർഷമാണ് ഇതിന്റെ അണിയറ പ്രവർത്തകർ ചിത്രത്തിനായി കാത്തിരുന്നത്. ചുരുക്കിപ്പറഞ്ഞാൽ ബ്ലെസിയുടെ 16 വർഷത്തെ കഠിനാദ്ധ്വാനമാണ് ഈ സിനിമ.
എആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ അമല പോളാണ് പൃഥ്വിരാജിന്റെ നായികയായെത്തിയത്. 80 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുടക്കുമുതൽ ഇതിനോടകം തിരിച്ച് പിടിക്കാൻ ചിത്രത്തിനായി. മഞ്ഞുമ്മൽ ബോയ്‌സിനേയും 2018 എന്ന ചിത്രത്തെയും രണ്ട് ദിവസം കൊണ്ട് ആടുജീവിതം പിന്നിലാക്കും. അതിവേഗം 100 കോടി നേടിയ ചിത്രമെന്ന പേര് ഇനി ആടുജീവിതത്തിനാകും.