ജൂനിയര്‍ എന്‍ടിആര്‍ ആരാധകരില്‍ നിന്നും മോശം പെരുമാറ്റം: അപമാനിതയായി അനുപമ


ഏഴ് വർഷത്തിലധികമായി തെലുങ്ക് സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് അനുപമ പരമേശ്വരൻ. തെലുങ്കിൽ വമ്പൻ ഹിറ്റിന്റെ ആഘോഷത്തിൽ നിൽക്കുകയാണ് അനുപമ. അനുപമ-സിദ്ധു ജൊന്നലഗാഡ കൂട്ടുകെട്ടിൽ വന്ന തില്ലു സ്ക്വയർ നൂറുകോടി ക്ലബിൽ കടന്നു. അനുപമയെ ഇത്രയും ഗ്ളാമർ ആയിട്ട് കണ്ടിട്ടില്ലെന്നും, മേനീ പ്രദർശനം ഏറ്റെന്നുമാണ് ആരാധകർ പറയുന്നത്. ചിത്രത്തിനായി റെക്കോർഡ് പ്രതിഫലമായിരുന്നു അനുപമ വാങ്ങിയതും. സാധാരണ തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നതിനായി 1 കോടിയായിരുന്നു അനുപമ വാങ്ങിയിരുന്നത്. എന്നാൽ, ഈ ചിത്രത്തിന് വേണ്ടി 3 കോടിയാണ് അനുപമ വാങ്ങിയതെന്നാണ് സൂചന.

തില്ലു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി വന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. സിനിമയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വെച്ച് നടന്നു. ഈ ചടങ്ങിൽ അനുപമ പരമേശ്വരന് ജൂനിയര്‍ എന്‍ടിആറിന്റെ ആരാധകരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായി. ജൂനിയര്‍ എന്‍ടിആര്‍ ആയിരുന്നു വിജയാഘോഷ പരിപാടിയില്‍ അതിഥിയായി എത്തിയത്. സ്വന്തം സിനിമയുടെ വിജയാഘോഷ വേദയില്‍ അപമാനിതയായി സ്റ്റേജിൽ നിൽക്കുന്ന അനുപമയെ വൈറൽ വീഡിയോയിൽ കാണാം.

സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി അനുപമ എത്തിയപ്പോള്‍ നടിയോട് സംസാരിക്കണ്ടെന്ന് ആരാധകര്‍ ആവശ്യപ്പെടുകയായിരുന്നു. ‘ഞാന്‍ സംസാരിക്കണോ വേണ്ടയോ’ എന്ന് അനുപമ ചോദിക്കുമ്പോള്‍ ആരാധകര്‍ വേണ്ടെന്ന് പറയുന്നുമുണ്ട്. ആരാധകര്‍ ജൂനിയര്‍ എന്‍ടിആറിനോട് പ്രസംഗിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് താന്‍ സംസാരിക്കാതെ പോകുന്നില്ലെന്ന് നടി പറഞ്ഞു.

‘ഒരു മിനിറ്റ് മതി. നിങ്ങളുടെ സ്‌നേഹത്തിന് വളരെ നന്ദി. നിങ്ങളുടെ സമയം ഞാന്‍ പാഴാക്കില്ല. എന്‍ടിആര്‍ ഗാരു ഇവിടെ വന്നതിന് വളരെ നന്ദി. അവരുടെ വികാരം എന്താണെന്ന് എനിക്ക് മനസിലായതിനാല്‍ എനിക്ക് വിഷമമില്ല. ഞാനും ആവേശത്തിലാണ്’, എന്ന് നടി പറഞ്ഞു. ശേഷം പ്രസംഗം നിർത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അനുപമയ്ക്ക് നേരെ നടന്ന മോശം പെരുമാറ്റത്തില്‍ നിരവധിപ്പേര്‍ പ്രതികരിച്ച് രംഗത്തെത്തി. ആരാധകര്‍ നടത്തിയത് തെറ്റായ കാര്യമാണെന്നും അനുപമയുടെ സിനിമ നേടിയ വിജയത്തിന്റെ സന്തോഷം പങ്കുവെക്കാന്‍ അവരെ അനുവദിക്കാതിരുന്നത് മോശമായെന്നും പലരും പ്രതികരിച്ചു. സിറ്റുവേഷനെ ഗംഭീരമായി കൈകാര്യം ചെയ്ത അനുപമയെ സോഷ്യൽ മീഡിയ പ്രസ്‌മസിക്കുന്നുമുണ്ട്.