‘എന്റെ കയ്യിൽ വണ്ടി ഒന്നും ഇല്ല, അതിന് കയ്യിൽ കാശില്ല’: വിജയ്‌യെ അനുകരിച്ചതല്ലെന്ന് വിശാൽ


തമിഴ്‌നാട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ബൂത്തിലേക്ക് നടൻ വിശാൽ പോയത് സൈക്കിളിൽ ആയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി. വിശാൽ വിജയ്‌യെ അനുകരിച്ചതാണെന്ന് വരെ പ്രചാരണമുണ്ടായി. 2021ലെ തിരഞ്ഞെടുപ്പിൽ നടൻ വിജയ് വോട്ട് ചെയ്യുന്നതിനായി സൈക്കിളിൽ ആയിരുന്നു വന്നത്. വിശാൽ വിജയ്‌യെ അനുകരിക്കുകയായിരുന്നു എന്നാണ് വിജയ് ആരാധകർ പറയുന്നത്. തുടർന്ന് വിശാലിന് നേരെ ട്രോളുകളും ഉണ്ടായി. ഇപ്പോഴിതാ, ട്രോളുകളോട് പ്രതികരിച്ച് വിശാൽ രംഗത്ത്.

താൻ വിജയ്‌യെ അനുകരിച്ചതല്ല എന്ന് വിശാൽ വ്യക്തമാക്കി. തന്റെ കൈവശം വാഹനങ്ങൾ ഇല്ലാത്തതു കൊണ്ടും സൈക്കിളിൽ യാത്ര ചെയ്യാൻ താല്പര്യമുള്ളത് കൊണ്ടുമാണ് വോട്ടുചെയ്യാൻ സൈക്കിളിൽ വന്നത് എന്നും താരം പറഞ്ഞു. പുതിയ ചിത്രമായ രത്നത്തിന്റെ പ്രചാരണ പരിപാടിയിലാണ് സൈക്കിളിൽ വോട്ടുചെയ്യാൻ പോയതിനേക്കുറിച്ച് വിശാൽ പ്രതികരിച്ചത്. പുതിയ ചിത്രമായ രത്നത്തിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിജയ് സൈക്കിളിൽ പോയത് ഞാൻ കണ്ടിരുന്നു. എന്നാൽ ഞാനത് അനുകരിക്കുകയായിരുന്നില്ല. സത്യമായും എന്റെ കയ്യിൽ വണ്ടിയില്ല. അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയുണ്ട്. മറ്റെല്ലാ വണ്ടികളും വിറ്റു. ഇപ്പോഴുള്ള റോഡുകളുടെ അവസ്ഥ വെച്ച് വർഷത്തിൽ മൂന്ന് തവണ സസ്പെൻഷൻ മാറ്റാൻ എന്റെ കയ്യിൽ കാശില്ല. അതുകൊണ്ട് ഈ ട്രാഫിക്കിൽ ഞാൻ സൈക്കിളിൽ പോയി വോട്ട് ചെയ്തു. ഒരിക്കൽ കാരക്കുടിയിൽ നിന്ന് ട്രിച്ചിയിലേക്ക്, അതായത് 80 കിലോമീറ്ററോളം ഞാൻ സൈക്കിളിൽ പോയിട്ടുണ്ട്’, വിശാൽ പറഞ്ഞു.