യുവ സിനിമാ സംവിധായകനും എഡിറ്ററുമായ അപ്പു എൻ ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിലൂടെ അപ്പു തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്.
‘ഞങ്ങൾ മാച്ചായി, ഞങ്ങൾ കണ്ടുമുട്ടി, സംസാരിച്ചു, നടന്നു. വീണ്ടും കണ്ടുമുട്ടി. വീണ്ടും നടന്നും വീണ്ടും സംസാരിച്ചു. അങ്ങനെ ഒരു ദിവസം ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇന്ന് ഞങ്ങൾ വിവാഹിതരായി, കൂടുതൽ ചർച്ചകൾക്കും നടത്തത്തിനും അതിനിടയിലുള്ള എല്ലാത്തിനും’- അപ്പു ഭട്ടതിരി കുറിച്ചു.
എഡിറ്ററായാണ് അപ്പു ഭട്ടതിരി മലയാള സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ‘ഒരാൾപൊക്കം’ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര എഡിറ്ററാവുന്നത്. കുഞ്ഞിരാമായണം, ഒഴിവുദിവസത്തെ കളി, മാൻഹോൾ, ഒറ്റമുറി വെളിച്ചം, വീരം, തീവണ്ടി, ഡാകിനി തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവർ അഭിനയിച്ച നിഴൽ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.