ലഖിംപൂര്‍ ഖേരിയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സഹോദരങ്ങളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍
ലക്നൗ: ലഖിംപൂര്‍ ഖേരിയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സഹോദരങ്ങളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍. 25 ലക്ഷം രൂപയാകും സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുക. കഴിഞ്ഞ ദിവസമാണ് വീടിന് സമീപമുള്ള കരിമ്പ് തോട്ടത്തില്‍ സഹോദരങ്ങളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ധനസഹായം പ്രഖ്യാപിച്ചത്. ശോചനീയാവസ്ഥയിലായ വീട്ടില്‍ കഴിയുന്ന കുടുംബത്തിന് പുതിയ വീട് നല്‍കും. ഇതിന് പുറമേ കൃഷി ചെയ്ത് ഉപജീവനം നടത്തുന്നതിനായി ഭൂമിയും ഇവര്‍ക്ക് നല്‍കും. ഇതിന് പുറമേ കേസ് അതിവേഗ കോടതിയില്‍ വിചാരണ നടത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കേസിലെ പ്രതികളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആറ് പ്രതികളാണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്. വ്യാഴാഴ്ച രാവിലെയാണ് വീടിന് സമീപത്തെ കരിമ്പിന് തോട്ടത്തിലെ മരത്തില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടികളെ കണ്ടത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു.