കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: ശശി തരൂര്‍ പത്രിക വാങ്ങി

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണതതിനുള്ള നടപടികള്‍ തുടങ്ങിയതിന് പിന്നാലെ ശശി തരൂര്‍ പ്രതിനിധിയെ അയച്ച് പത്രിക വാങ്ങി. 26 നോ അതിന് ശേഷമോ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. 28 നായിരിക്കും ഗലോട്ട് പത്രിക സമര്‍പ്പിക്കുന്നത്. ഗ്രൂപ്പ് 23 ന്റെ പ്രതിനിധിയായി മനീഷ് തിവാരിയും പത്രിക നല്‍കിയേക്കും. ഡിസിസി അധ്യക്ഷന്മാരും, സാധാരണ പ്രവര്‍ത്തകരുമൊക്കെ ആദ്യദിനം എഐസിസിയില്‍ പത്രിക വാങ്ങാനെത്തി.

ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലന്ന് ഗ്രൂപ്പ് 23 യിലെ നേതാക്കള്‍ അറിയിച്ചു. ജി-23 യില്‍ നിന്ന് മനീഷ് തിവാരി മല്‍സരിക്കുന്നത് മുന്‍ നിര്‍ത്തിയാണ് ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലന്ന് അവര്‍ വ്യക്തമാക്കിയത്. തങ്ങളുമായി ആലോചിച്ചല്ല ശശി തരൂര്‍ ഈ തിരുമാനം എടുത്തതെന്നാണ് അവരുടെ വാദം.

ഗാന്ധി കുടംബത്തിന്റെ വിശ്വസ്ഥനായി അറിയപ്പെടുന്ന ദേശീയ വക്താവ് ഗൗരവ് വല്ലഭും തരൂരിനെ തള്ളിപ്പറഞ്ഞു. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതാണ് തരൂരിന്റെ കഴിഞ്ഞകാല സംഭാവനയെന്നും, ആശുപത്രി കിടക്കയില്‍ പോലും സോണിയ ഗാന്ധിയോട് മര്യാദ കാട്ടിയില്ലെന്നും വല്ലഭ് കുറ്റപ്പെടുത്തി.

ഗൗരവ് വല്ലഭിന്റെ പ്രസ്താവന വന്നതിനെ തുടര്‍ന്നാണ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചതെന്നറിയുന്നു. പാര്‍ട്ടി വക്താക്കള്‍ക്കും, ഭാരവാഹികള്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്.