16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

അഞ്ച് വർഷത്തെ കാത്തിരിപ്പ്; മധു വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

Date:

അട്ടപ്പാടി മധു വധക്കേസിൽ വിചാരണക്കോടതി ഇന്ന് ശിക്ഷ വിധിക്കും. കേസിലെ പതിനാല് പ്രതികൾ കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി കോടതി കണ്ടെത്തിയിരുന്നു. പതിമൂന്ന് പ്രതികൾക്കെതിരെയാണ് നരഹത്യ കുറ്റം തെളിഞ്ഞത്. അന്യായമായി സംഘം ചേരൽ, പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളും ഇവർക്കെതിരെ തെളിഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ധിഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം മുനീർ   എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

എന്നാൽ പതിനാറാം പ്രതി മുനീറിനെതിരെ തെളിഞ്ഞത് ബലപ്രയോഗം മാത്രമാണ്.  മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ചയാളാണ് ഒന്നാം പ്രതി ഹുസൈൻ. ഇയാൾ മധുവിൻറെ  നെഞ്ചിലേക്ക് ചവിട്ടിയിരുന്നു. പിന്നാലെ മധു പിറകിലുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീഴുകയായിരുന്നു. ഹുസൈന്റെ കടയിൽ നിന്ന് മധു സാധനങ്ങൾ എടുത്തുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും.

രണ്ട് പ്രതികളെ വെറുതെ വിട്ടു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെയാണ് വെറുതെ വിട്ടത്.

ഒന്നാം പ്രതി ഹുസൈൻ മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ചപ്പോൾ ഹുസൈൻ മധുവിന്റെ നെഞ്ചിലേക്ക് ചവിട്ടി. മധു സമീപത്തുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീഴുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

രണ്ടാം പ്രതി മരയ്ക്കാർ മധു കാട്ടിൽ ഉണ്ടെന്ന വിവരം 19-ാം സാക്ഷി കക്കി മൂപ്പനിൽ നിന്ന് അറിഞ്ഞ് മറ്റ് പ്രതികൾക്കൊപ്പം വണ്ടിക്കടവിലെത്തി. അവിടെ നിന്ന് റിസർവ് വനത്തിൽ അതിക്രമിച്ചു കയറുകയും മധുവിനെ പിടികൂടുകയും ചെയ്തു.

മൂന്നാം പ്രതി ഷംസുദ്ദീൻ മധുവിനെ പിടിക്കാൻ കാട്ടിൽ കയറിയ പ്രതികളിൽ ഒരാൾ. ബാഗിന്റെ സിബ് കീറി മധുവിന്റെ കൈ കെട്ടി. വടികൊണ്ട് പുറത്ത് അടിക്കുകയും മധുവിന്റെ രണ്ടാമത്തെ വാരിയെല്ല് പൊട്ടുകയും ചെയ്തു. മധു രക്ഷപ്പെടാതിരിക്കാൻ കൈയിൽ കെട്ടിയ സിബിൽ പിടിച്ച് നടത്തിച്ചതും ഷംസുദീനാണ്.

നാലാം പ്രതി അനീഷ് മുക്കാലിയിൽ ആൾക്കൂട്ടം തടഞ്ഞ് വച്ച മധുവിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. അനീഷിനെ കേസിൽ നിന്നും വെറുതെ വിട്ടു.

അഞ്ചാം പ്രതി രാധാകൃഷ്ണൻ കാട്ടിൽ കയറി പിടികൂടിയ മധുവിന്റെ ഉടുമുണ്ട് അഴിച്ച് കൈകൾ കൂട്ടിക്കെട്ടുകയും പിടിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

ആറാം പ്രതി അബൂബക്കർ ഏഴാം പ്രതി സിദ്ദീഖ് കാട്ടിൽ കയറി പിടിച്ച് കൊണ്ടുവരുന്ന വഴി മധുവിന്റെ പുറത്ത് ഇടിക്കുകയും കൈയിൽ പിടിച്ച് നടത്തിക്കുകയും ചെയ്തു.

എട്ടാം പ്രതി ഉബൈദ് മറ്റ് പ്രതികൾക്കൊപ്പം കാട്ടിൽ കയറി, മധുവിനെ പിടികൂടി. മുക്കാലിയിൽ എത്തിക്കും വരെ ആൾക്കൂട്ടത്തിനൊപ്പം ചേർന്ന് മധുവിനെ മർദ്ദിച്ചു. കാട്ടിൽ നിന്ന് കൊണ്ടു വരുന്ന ദൃശ്യകളും പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

ഒൻപതാം പ്രതി നജീബ് മധുവിനെ കാട്ടിൽ കയറി പിടിക്കാൻ നജീബിന്റെ ജീപ്പിലാണ് പ്രതികൾ പോയത്. മധുവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

പത്താം പ്രതി ജൈജുമോൻ മധുവിനെ കാട്ടിൽ കയറി പിടിച്ച ശേഷം അരിയുൾപ്പെടെയുള്ള സാധനങ്ങൾ അടങ്ങുന്ന ചാക്ക് കെട്ട് മധുവിന്റെ തോളിൽ വെച്ചു കൊടുത്തു, നടത്തിക്കൊണ്ടു വരുന്ന വഴി ദേഹോദ്രപമേൽപ്പിച്ചു.

പതിനൊന്നാം പ്രതി അബ്ദുൾ കരീം മുക്കാലിയിലെത്തിച്ച മധുവിനെ കള്ളാ എന്ന് വിളിച്ച് അവഹേളിച്ചു,( വെറുതെ വിട്ടു)

പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ് മറ്റ് പ്രതികൾക്കൊപ്പം കാട്ടിൽ കയറി മധുവിന്റെ ഉടുമുണ്ട് അഴിച്ച് കൈകൾ കെട്ടാൻ സഹായിച്ചു. ദേഹോദ്രപം ഏൽപ്പിച്ചു.

പതിനാലാം പ്രതി ഹരീഷ് മധുവിനെ പിടിച്ചു കൊണ്ടുവരുന്ന സംഘത്തിനൊപ്പം ചേർന്ന് മധുവിനെ കൈകൊണ്ട് പുറത്ത് ഇടിക്കുകയ്ക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു

പതിനഞ്ചാം പ്രതി ബിജു മധുവിനെ പിടിച്ചു കൊണ്ടു വരുന്ന സംഘത്തിനൊപ്പം ചേർന്ന് മധുവിന്റെ കൈകൾ കെട്ടിയ സിബിൽ പിചിച്ച് നടത്തിച്ചു.

പതിനാറാം പ്രതി മുനീർ മുക്കാലിയിൽ എത്തിച്ച മധുവിനെ കാൽമുട്ട് കൊണ്ട് ഇടിച്ചു

കൊലപാതകം നടന്ന് അഞ്ച് വർഷം നീണ്ട പ്രതിസന്ധികൾക്കും നാടകീയതകൾക്കും ഒടുവിലാണ് മണ്ണാര്‍ക്കാട് എസ്സി എസ് ടി പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചത്.  2018 ഫെബ്രുവരി 22നാണ് മോഷ്ടാവെന്നാരോപിച്ച് ആദിവാസിയായ മധുവിനെ ജനക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്.മുക്കാലി, ആനമൂളി, കള്ളമൂല പ്രദേശത്തുള്ള 16 പേരാണ് കേസിലെ പ്രതികള്‍.

2022 ഏപ്രില്‍ 28നാണ് മണ്ണാര്‍ക്കാട് എസ്സിഎസ്ടി പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുന്നത്. കേസില്‍ നൂറ്റി ഇരുപത്തിഏഴ് സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ നൂറ്റി ഒന്നുപേരെ വിസ്തരിച്ചു. എഴുപത്തി ആറുപേര്‍ പ്രോസിക്യൂഷന് അനുകൂല മൊഴിനല്‍കി. ഇരുപത്തിനാലുപേര്‍ കൂറുമാറി. രണ്ടുപേര്‍ മരിച്ചു. ഇരുപത്തി നാലുപേരെ വിസ്തരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു.

സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചുകൊണ്ടായിരുന്നു മധുവിനെ ആൾക്കൂട്ടം മര്‍ദ്ദിച്ചത്. ഇതിന് ശേഷം അവശനായ മധുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. മധുവിന്റെ ഭാണ്ഡം പരിശോധിച്ചപ്പോള്‍ പൊലീസിനു ലഭിച്ചത് കുറച്ച് അരിയും മുളകും പയറും മാത്രമായിരുന്നു. മധുവിന്റെ കൊലപാതകത്തിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് അന്നുയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related