17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

മഴക്കാലപൂർവ്വ പ്രവൃത്തി: മെയ് ആദ്യവാരം റോഡുകളിൽ ഉന്നതതല പരിശോധന

Date:

തിരുവനന്തപുരം: മഴക്കാല പൂർവ്വ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനും പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി വിലയിരുത്താനും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം മെയ് 5 മുതൽ 15 വരെ റോഡുകളിൽ പരിശോധന നടത്തും. മഴക്കാലത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. മഴക്കാലപൂർവ്വ പ്രവൃത്തികൾ യോഗം അവലോകനം ചെയ്തു.

റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തിയിൽ ഉൾപ്പെട്ട റോഡുകളെല്ലാം ഗതാഗത യോഗ്യമാണെന്ന് ഉറപ്പുവരുത്താൻ മന്ത്രി നിർദേശിച്ചു. ഡ്രെയിനേജ് ശുചീകരണം ഉൾപ്പെടെയുള്ള പ്രീമൺസൂൺ പ്രവൃത്തികളും ക്രമീകരിക്കണം. റണ്ണിംഗ് കോൺട്രാക്ട് രണ്ടിലെ രണ്ടാംഘട്ട പ്രവൃത്തികളെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കണം. റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടാത്ത റോഡുകൾ മഴക്കാലപൂർവ്വ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി ക്രമീകരിക്കണം. എല്ലാ പ്രവൃത്തികളും ഏപ്രിൽ 15 ന് തന്നെ ടെണ്ടർ നടത്തേണ്ടതും മെയ് ആദ്യവാരത്തോടെ പ്രവൃത്തി നടത്തേണ്ടതുമാണ്. കെആർഎഫ്ബി, കെഎസ്ടിപി, റിക്ക്, എൻഎച്ച് വിംഗുകളും ഇക്കാര്യത്തിൽ പ്രത്യേകമായി തന്നെ ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

റിന്യൂവൽ പ്രോഗ്രാമിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച 90 പ്രവൃത്തികൾ ഈ മാസം 31 ന് മുൻപായി സാങ്കേതികാനുമതി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്. ഇതിന്റെ പ്രവൃത്തിയും ആരംഭിക്കാനാകണം. പ്രവൃത്തി നടക്കുമ്പോൾ ഈ സമയങ്ങളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളുണ്ട് എന്ന് ഉറപ്പുവരുത്തുകയും വേണം. മഴക്കാലത്ത് അപകടങ്ങൾ വരാതിരിക്കാൻ എല്ലാ ശ്രദ്ധയും പുലർത്തണം.

കനത്ത മഴ കാരണം ചിലപ്പോൾ റോഡുകളിൽ കുഴികൾ രൂപപ്പെടാം. അവ പെട്ടെന്ന് തന്നെ താൽക്കാലികമായെങ്കിലും അടക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഏപ്രിൽ – മെയ് മാസങ്ങളിൽ ഡിവിഷൻ തലത്തിലും സർക്കിൾ തലത്തിലും യോഗം വിളിച്ചു ചേർത്ത് കൃത്യമായി പ്രവൃത്തി വിലയിരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മെയ് 15 നു മുൻപ് എല്ലാ ചീഫ് എൻജിനീയർമാരും പ്രവർത്തന പുരോഗതി സംബന്ധിച്ച് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കണം. യൂട്ടിലിറ്റി പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് ഉദ്യോഗസ്ഥതല യോഗങ്ങൾ നടത്തി തീരുമാനം എടുക്കാനും നിർദേശം നൽകി.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു, ചീഫ് എൻജിനീയർമാർ, സൂപ്രണ്ടിംഗ് എൻജിനീയർമാർ, എക്സിക്യൂട്ടിവ് എൻജിനീയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Previous article
മുഖ്യമന്ത്രി, തുറമുഖ മന്ത്രി, ധനമന്ത്രി, സഹകരണ മന്ത്രി എന്നിവരുടെ യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ഈടില്‍ 550 കോടി രൂപ തുറമുഖ നിര്‍മാണത്തിനായി വായ്പയെടുക്കും. 347 കോടി രൂപ അദാനി ഗ്രൂപ്പിന് നല്‍കും. റോഡ് റെയില്‍വേ പാതകള്‍ക്കായി 100 കോടി അനുവദിക്കും. നാളെ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേര്‍ന്ന് സാങ്കേതികവശങ്ങള്‍ പരിശോധിക്കും. അതേസമയം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ചിലര്‍ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് തെറ്റായ പ്രവണതയാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സര്‍ക്കാരാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next article

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related