എയർ എംബോളിസത്തിലൂടെ യുവതിയെ കൊല നടത്തി ഭർത്താവിനെ സ്വന്തമാക്കാൻ സുഹൃത്ത്, സ്നേഹ അപകടനില തരണം ചെയ്തു, അനുഷ അറസ്റ്റിൽ
പത്തനംതിട്ട: തിരുവല്ലയില്‍ ആശുപത്രിയില്‍ പ്രസവിച്ചു കിടന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ. പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രസവിച്ചു കിടക്കുകയായിരുന്ന സ്നേഹയെയാണ് മരുന്നു നിറയ്ക്കാത്ത സിറിഞ്ച് ഉപയോഗിച്ച് കുത്തി വച്ച് കൊല്ലാൻ ശ്രമിച്ചത്. സ്നേഹയുടെ ഭര്‍ത്താവിൻ്റെ സുഹൃത്തായ പുല്ലുകുളങ്ങര സ്വദേശി അനുഷ (25) യാണ് പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. അനുഷയ്ക്കെതിരെ കൊലപാതകത്തിന് പൊലീസ് കേസെടുത്തു. ഇവരുടെ കയ്യില്‍നിന്ന് കുത്തിവയ്ക്കാൻ ഉപയോഗിച്ച സിറിഞ്ചും പിടികൂടിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയിൽ പ്രസവശേഷം ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തിയാണ് അനുഷ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത വരുന്നത്. മരുന്നില്ലാത്ത സിറിഞ്ച് ഉപയോഗിച്ച് വായു ധമനികളിൽ കയറ്റി കൊല്ലാനായിരുന്നു അനുഷയുടെ ശ്രമം. മൂന്ന് തവണ സിറിഞ്ച് കൊണ്ട് സ്നേഹയെ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. തട്ടവും മാസ്കും നഴ്സിന്റെ വേഷവും ധരിച്ചാണ് പ്രതിയെത്തിയത്. ഇഞ്ചക്ഷൻ നൽകാനെന്ന വ്യാജേനയാണ് വാർഡിയലേക്ക് പ്രതി എത്തിയതെന്നാണ് വിവരം. സ്നേഹയുടെ ഭർത്താവായ അരുണിനെ സ്വന്തമാക്കാനായാണ് അനുഷ ഈ ക്രൂര കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
സ്നേഹയുടെ ഭർത്താവ് അരുണും അനുഷയും കോളേജിൽ പഠിക്കുമ്പോൾ തൊട്ട് പ്രണയത്തിലായിരുന്നു എന്നാണ് വിവരം. യുവതി നഴ്സിൻ്റെ വേഷത്തിൽ എത്തുമ്പോൾ അരുൺ ആശുപത്രിയിലുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അനുഷ എത്തുമ്പോൾ സ്നേഹയും അമ്മയും മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് രോഗിക്ക് ഇൻജക്ഷൻ ഉണ്ടെന്ന് പറഞ്ഞ് കുത്തിവയ്ക്കുകയായിരുന്നു. രോഗിയുടെ കെെയിൽ മൂന്നു തവണ അനുഷ ഇൻജക്ഷൻ നടത്തിയെന്നും പൊലീസ് പറഞ്ഞു. വായു കുത്തിവച്ച് ഹൃദയാഘാതമുണ്ടാക്കുക എന്നുള്ളതായിരുന്നു അനുഷയുടെ ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ സ്നേഹയുടെ ഭർത്താവ് അരുണിനേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രസവിച്ചു കിടക്കുന്ന സ്നേഹയെ കാണണമെന്ന് അനുഷ അരുണിനോട് പറഞ്ഞിരുന്നു എന്നാണ് വിവരം. കാണണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ചെന്നു കണ്ടോളാൻ താൻ അനുമതി നൽകിയിരുന്നു എന്ന് അരുണും വ്യക്തമാക്കി. എന്നാൽ അനുഷ നഴ്സിൻ്റെ വേഷം ധരിച്ച് പോയതും അവിടെ കാെലപാതക ശ്രമം നടത്താൻ പദ്ധതിയിട്ടിരുന്നതും അറിയില്ലെന്നാണ് അരുൺ പറയുന്നത്. കൊലപാതക ശ്രമമായിരുന്നു എന്ന് അനുഷ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
അരുണിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതി പൊലീസിനോട് വ്യക്തമാക്കിയത്. അനുഷ നേരത്തെ രണ്ടു തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് വിവരം. അനുഷയുടെ നിലവിലെ ഭർത്താവ് വിദേശത്താണ്. ഇതിനിടയിലാണ് അവർ അരുണുമായി അടുത്തതെന്നും പൊലീസ് വ്യക്തമാക്കി. ഫാർമസിസ്റ്റ് കോഴ്സ് പൂർത്തിയാക്കിയിട്ടുള്ള വ്യക്തിയാണ് അനുഷ. പിടിയിലായ യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊലപാതക ശ്രമത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ടെന്നു തന്നെയാണ് പൊലീസ് സൂചിപ്പിക്കുന്നതും. അതേസമയം വായു കുത്തിവച്ചതിനെ തുടർന്ന് സ്നേഹയ്ക്ക് ഹൃദയാഘാതമുണ്ടായെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. നിലവിൽ സ്നേഹയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധുക്കൾ അറിയിച്ചു. മകൾ രക്ഷപ്പെട്ടത് തൻ്റെ ഭാര്യ സംഭവം കണ്ടതു കൊണ്ടാണെന്ന് സ്നേഹയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതിയായ യുവതി മുറിയിലെത്തിയത് എങ്ങനെയെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുറത്തു നിന്നുള്ള ഒരാൾ നഴ്സിൻ്റെ വേഷത്തിൽ എത്തിയപ്പോൾ ആശുപത്രിയിലെ ആർക്കും അത് മനസ്സിലായില്ലെന്നുള്ളത് വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. അരുണുമായുള്ള അടുപ്പത്തിൽ ഈയിടയ്ക്ക് ചില അകൽച്ചകൾ സംഭവിച്ചിരുന്നു. ഇതിനെത്തുടർന്നാണ് യുവതി അരുണിൻ്റെ ഭാര്യയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നാണ് പൊലീസിൻ്റെ നിഗമനം. അതേസമയം പ്രതിക്ക് ആശുപത്രിയിൽ കടന്നു കയറാനും പദ്ധതി നടപ്പിലാക്കാനും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.