കോട്ടയം: കോട്ടയം കോടിമതയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റുകള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി പ്രതി പൊന്‍കുന്നം സ്വദേശിനി സുലു. ബസിലെ ഡ്രൈവര്‍ അസഭ്യം പറഞ്ഞുവെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നുമാണ് മാധ്യമങ്ങളോട് സുലുവിന്റെ പ്രതികരണം. അലക്ഷ്യമായി വാഹനമോടിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ പരാതി നല്‍കുമെന്നും സുലു പറഞ്ഞു. സംഭവത്തെക്കുറിച്ച് സുലുവിന്റെ വിശദീകരണമിങ്ങനെ.
‘ഞാനും എന്റെ അമ്മച്ചിയും കൂടെ അമ്മച്ചിയുടെ വീടുവരെ പോയിട്ട് തിരിച്ചുവരികയായിരുന്നു. ഹൈവേയാണ്, മൂന്ന് വണ്ടി പോകാനുള്ള റോഡുണ്ട്. കെഎസ്ആര്‍ടിസി നല്ല വേഗതയിലാണ് വന്നത്. കാറില്‍ ഉരസിയിട്ട് സൈഡിലെ ഒരു മിറര്‍ അടിച്ച് തെറിപ്പിച്ച് പോയി. ഞാന്‍ വെട്ടിച്ചില്ലായിരുന്നെങ്കില്‍ അവിടെ വലിയൊരു അപകടം നടന്നേനെ. ഇവര്‍ നിര്‍ത്താതെ പോയി. ഞാന്‍ പുറകെ പോയി കാര്യം ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ വളരെ മോശമായി സംസാരിച്ചു, അസഭ്യം പറഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും സംസാരമായപ്പോള്‍ ഞാന്‍ ലിവറെടുത്ത് ഹെഡ്‌ലൈറ്റ് അടിച്ചു പൊട്ടിച്ചു.’
നഷ്ടപരിഹാരമായി 46,000 രൂപ കെട്ടിവച്ചതിനെ തുടര്‍ന്നാണ് സുലുവിന് കോടതി ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിനടക്കം ജാമ്യമില്ലാ വകുപ്പുകളായിരുന്നു ഇവര്‍ക്ക് എതിരെ ചുമത്തിയിരുന്നത്. ബസ് കാറില്‍ തട്ടിയപ്പോള്‍ ഉണ്ടായ വൈകാരിക ക്ഷോഭത്തില്‍ സംഭവിച്ചു പോയ അബദ്ധമാണ് അക്രമമെന്ന് സുലു പൊലീസിന് മൊഴി നല്‍കിയിരുന്നു. ബസിന് ഉണ്ടായ നഷ്ടപരിഹാരം നല്‍കി പ്രശ്‌നപരിഹാരത്തിന് തയ്യാറാണെന്ന് സുലുവും കുടുംബവും അറിയിച്ചെങ്കിലും ഒത്തുതീര്‍പ്പിന് കെഎസ്ആര്‍ടിസി തയ്യാറായിരുന്നില്ല. ഇതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സുലുവിനെ കസ്റ്റഡിയിലെടുത്തത്.