ഭീമൻ രഘു എഴുന്നേറ്റു നിന്ന ഭാഗത്തേക്ക് പോലും മുഖ്യമന്ത്രി നോക്കിയില്ല, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല: രഞ്ജിത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ആദര സൂചകമായി നടൻ ഭീമൻ രഘു വേദിയിൽ എഴുന്നേറ്റ് നിന്നത് വാർത്തയായിരുന്നു. സംഭവത്തിൽ ഭീമൻ രഘുവിനെ ട്രോളി സോഷ്യൽ മീഡിയ രംഗത്ത് വന്നിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തോട് അനുബന്ധിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു സംഭവം. ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്. ഭീമൻ രഘു ഒരു കോമാളിയും മണ്ടനും ആണെന്നാണ് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് പറയുന്നത്.
’15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റു നിന്ന ഭാഗത്തേക്ക് പോലും മുഖ്യമന്ത്രി പിണറായി വിജയൻ നോക്കിയില്ല എന്നുള്ളതാണ് സത്യത്തിൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടി പോകുന്നത്. രഘു അവിടെ ഇരിക്കൂ എന്ന് അദ്ദേഹം പറഞ്ഞാൽ അവൻ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമൻ രഘു. ഞങ്ങൾ എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ്. മണ്ടനാണ്. നമ്മുടെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു, രഘു നിങ്ങളെ ശക്തി കൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താൻ എനിക്ക് ആകില്ലെന്ന്. ശക്തികൊണ്ട് ആകില്ല ബുദ്ധികൊണ്ട് എങ്ങനെയാണെന്ന് മനസ്സിലായില്ല എന്ന് ഭീമൻ രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്ത് പറഞ്ഞു, ഞാൻ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസ്സിലായില്ലേ എന്ന്. അതുപോലും പുള്ളിക്ക് മനസ്സിലായില്ല’, രഞ്ജിത്ത് പറയുന്നു.
അതേസമയം, തനിക്ക് മുഖ്യമന്ത്രിയോട് വലിയ ബഹുമാനമാണെന്നും, അച്ഛനെ ഓർമ്മ വന്നത് കൊണ്ടാണ് എഴുന്നേറ്റ് നിന്നതെന്നുമായിരുന്നു വിഷയത്തിൽ ഭീമൻ രഘു വിശദീകരണം നൽകിയത്. പരിപാടിയുടെ ഉദ്ഘാടകൻ മുഖ്യമന്ത്രിയായിരുന്നു. ഇതിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് ഭീമൻ രഘു എഴുന്നേറ്റ് നിന്ന് കേട്ടത്. പ്രസംഗിക്കാൻ മുഖ്യമന്ത്രി വേദിയിലേക്ക് കയറിയതും വേദിയിൽ ഇരുന്ന നടനും എഴുന്നേറ്റ് നിന്നു. 15 മിനിറ്റോളം മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടു നിന്നു. ഈ നേരമത്രയും ഭീമൻ രഘുവും എഴുന്നേറ്റ് കൈകെട്ടി നിൽക്കുകയായിരുന്നു.