വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; പശുവിനെ കടിച്ച് കൊണ്ടുപോകാൻ ശ്രമം, കടുവയ്ക്കായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നു


വാകേരി: വയനാട് വാകേരിയില്‍ ഭീതി പടർത്തിയ നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ എട്ടാം ദിവസവും തുടരുന്നതിനിടെ കല്ലൂര്‍ക്കുന്നില്‍ കടുവയിറങ്ങിയതായി റിപ്പോർട്ട്. പ്രദേശത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയത് കടുവയുടെ കാല്‍പ്പാടുകളെന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം കല്ലൂര്‍ക്കുന്നിലെത്തിയ കടുവ ഒരു പശുവിനെയും ആക്രമിച്ചിരുന്നു. വാകയില്‍ സന്തോഷ് എന്നയാളുടെ പശുവിനെയാണ് കടുവ ആക്രമിച്ചത്. കടുവ പശുവിനെ കുറച്ച് ദൂരം വലിച്ചിഴച്ച് കൊണ്ടു പോയി. ഇടയ്ക്ക് വെച്ച് ഉപേക്ഷിച്ച് പോവുകയായിരുന്നു.

അതേസമയം, നരഭോജി കടുവയ്ക്കായി എട്ടാം ദിവസമായ ഇന്നും തിരച്ചില്‍ തുടരും. പശുവിന് പുല്ലരിയാന്‍ പോയ യുവാവിനെ കടുവ കൊലപ്പെടുത്തിയ വാകേരി കൂടല്ലൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് വീണ്ടും കടുവ എത്തിയത്. കടുവയ്ക്കായുള്ള തിരച്ചില്‍ ഒരാഴ്ച പിന്നിട്ട സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പ്രദേശത്ത് സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. കടുവയെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാനും പ്രദേശത്ത് ഭയരഹിതമായ അന്തരീക്ഷം സൃഷ്ടിക്കാനും സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി.

കൂടല്ലൂര്‍ ഗ്രാമത്തില്‍ വനം വകുപ്പ് കടുവയ്ക്കായി മൂന്നിടത്ത് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കെണിയുടെ സമീപത്ത് കൂടി കടുവ പോയതായി ക്യാമറ ട്രാപ്പുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ 13 വയസുള്ള ആണ്‍ കടുവയാണ് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കഴിഞ്ഞ ദിവസം കൊന്ന് ഭക്ഷിച്ചത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല്‍ വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.