തൃപ്രയാർ : ജനസേവനത്തിന് ലഭിക്കുന്ന പ്രതിഫലം ജനങ്ങൾക്കു തന്നെ തിരികെ നൽകുന്ന പ്രതിനിധി. തെരഞ്ഞടുക്കപ്പെട്ട് മൂന്നു വർഷം കഴിയുമ്പോഴും തനിക്ക് ലഭിച്ച ഓണറേറിയമെല്ലാം സമൂഹത്തിലെ ദുർബല വിഭാഗത്തിന്റെ ക്ഷേമത്തിനായി ചിലവഴിച്ച തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്
പട്ടലങ്ങാടി ഡിവിഷനിലെ ജന പ്രതിനിധിയായ ഭഗീഷ് പൂരാടനാണ് കർമരംഗത്തെ ഈ വേറിട്ട മുഖം.
ഇതുവരെ 36 ഓണറേറിയം കാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി കഴിഞ്ഞു. അവശത അനുഭവിക്കുന്നവർ, പാർശ്വവൽക്കരിക്കപെട്ടവർ, സന്നദ്ധ സംഘടനകൾ, മാറാ രോഗം ബാധിച്ചവർ, ഹൃദ്രോഗികൾ എന്നിവർക്കാണ് സഹായം നൽകിയത്. തളിക്കുളം നമ്പിക്കടവ് സ്വദേശിയായ
പൂരാടൻ വീട്ടിൽ ഭഗീഷ് തിരഞ്ഞെടുക്കുമ്പോൾ തന്നെ ജനങ്ങൾക്കു നൽകിയ വാഗ്ദാനമാണ്
തന്റെ മുഴുവൻ ഓണറേറിയവും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കായി ചില വഴിക്കുമെന്ന്.
ഓണറേറിയം കൂടാതെ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്ന നിലയിൽ കിട്ടുന്ന സ്വിറ്റിങ് ഫീസ് ഉൾപ്പെടെ മുഴുവൻ തുകയും പൊതു ജന സേവനത്തിനാണ് ചിലവഴി ക്കുന്നത്. പൊതുപ്രവർത്തനമാരംമ്പിച്ച ഭഗീഷ് ചെറുപ്പം മുതൽ തന്നെ സാമൂഹ്യ പ്രവർത്തനത്തിൽ ഇടപെട്ടിരുന്നു.
പിന്നീട് ഉപജീവനത്തിനായി യു.എ.ഇയിൽ എത്തിയപ്പോൾ അവിടെയും ജനസേവനവും പൊതു പ്രവർത്തനവും തുടർന്നു. ഗൾഫിൽ മരിച്ച നിരവധി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദ്ദേഹം നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നൽകി.
കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞടുപ്പിലാണ് ഭഗീഷ് ആദ്യമായി മത്സരിച്ചത്. സി. പി. എം കാലങ്ങളായി കൈവശം വച്ചിരുന്ന പട്ടലങ്ങാടി ബ്ലോക്ക് ഡിവിഷനിലാണ് മത്സരിച്ചത്. എന്നാൽ ജനങ്ങൾ എല്ലാ രാഷ്ട്രീയ വ്യത്യാസവും മറന്ന് ഭഗീഷിനെ ജനപ്രതിനിധിയായി തെരഞ്ഞടുത്തത് അദേഹത്തിന്റെ ജനകീയത വ്യക്തമാക്കുന്നു.
2018 ലെ പ്രളയത്തിൽ പുള്ള് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വഞ്ചിയിൽ പോയി രക്ഷാ പ്രവർത്തനത്തിനും ഭഗീഷ് മുന്നിലുണ്ടായിരുന്നു. ശബരിമല പ്രക്ഷോഭത്തിൽ രണ്ടാം പ്രതിയായി ജയിൽ വാസമനുഷ്ഠിച്ചു.
ബി. ജെ. പി നാട്ടിക നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ് 42 കാരനായ ഭഗീഷ് പൂരാടൻ. ഭാര്യ ശ്രുതി മക്കൾ :ഹരി വർദ്ധൻ, ഋതിക.