കോട്ടയം: ശബരിമല തീർത്ഥാടകർക്ക് ആശ്വാസ വാർത്തയുമായി ദക്ഷിണ റെയിൽവേ. ശബരിമലയിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന സ്പെഷ്യൽ വന്ദേ ഭാരത് എക്സ്പ്രസാണ് വീണ്ടും എത്തുന്നത്. ശബരിമല തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് നേരത്തെ ചെന്നൈ-കോട്ടയം റൂട്ടിൽ ബൈ വീക്കിലി വന്ദേ ഭാരത് സ്പെഷ്യൽ സർവീസ് നടത്തിയിരുന്നു. ഈ ട്രെയിനാണ് വീണ്ടും എത്തുന്നത്. ജനുവരി 07, 14 തീയതികളിൽ ചെന്നൈയിൽ നിന്ന് കോട്ടയത്തേക്ക് സർവീസ് നടത്തുന്ന രീതിയിലാണ് ക്രമീകരണം.
കോട്ടയത്ത് നിന്ന് ചെന്നൈയിലേക്ക് ജനുവരി 08, 15 തീയതികളിലാണ് സർവീസ് ഉണ്ടായിരിക്കുക. ചെന്നൈ-കോട്ടയം വന്ദേ ഭാരത് എക്സ്പ്രസ് ചെന്നൈയിൽ നിന്ന് പുലർച്ചെ 4:30-ന് പുറപ്പെട്ട്, വൈകിട്ട് 4:15 ഓടെ കോട്ടയത്ത് എത്തിച്ചേരുന്നതാണ്. മടക്കയാത്ര പുലർച്ചെ 4:40-ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് വൈകിട്ട് 5:15 ഓടെ ചെന്നൈയിൽ എത്തിച്ചേരും. നിലവിൽ, ഈ ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. മകരവിളക്ക് മഹോത്സവത്തിനായി ശബരിമലയിലേക്ക് എത്തിച്ചേരുന്ന ഭക്തർക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തിലാണ് സർവീസുകളുടെ ക്രമീകരണം.