‘തൃശ്ശൂര് കണ്ട് ആരും പനിക്കണ്ട, മത്സരിച്ചാൽ മിഠായിത്തെരുവിൽ ഹലുവ കൊടുത്തത് പോലെയാകും’: മന്ത്രി കെ രാജൻ


തൃശ്ശൂർ: തൃശ്ശൂർ പൂരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയുമായി മന്ത്രി കെ രാജൻ. തൃശ്ശൂര് കണ്ട് ആരും പനിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. മത്സരിച്ചാൽ മിഠായിത്തെരുവിൽ ഹലുവ കൊടുത്തത് പോലെയാകുമെന്നും അദ്ദേഹം പരിഹസിച്ചു. തൃശ്ശൂർ പൂരത്തിൽ രാഷ്ട്രീം കലർത്തുന്നത് പ്രധാനമന്ത്രിയുടെ പാർട്ടി തന്നെയാകും. തങ്ങളാരും തൃശ്ശൂർ പൂരത്തിൽ രാഷ്ട്രീയം കലർത്തുന്നില്ല. അദ്ദേഹത്തിന്റെ പാർട്ടി നടത്തുന്നുണ്ടാകും. തൃശ്ശൂർ പൂരം ലോകത്തിന്റെ ഉത്സവമാണ്. എല്ലാ മലയാളികളുടേയും അഭിമാനമായ പൂരമാണത്. അതിൽ മത-ജാതി-രാഷട്രീയഭേദങ്ങളില്ല. അതിൽ രാഷ്ട്രീയം കലർത്താൻ ശ്രമിച്ചാൽ പ്രയാസകരമായിരിക്കുമെന്ന് കെ രാജൻ പറഞ്ഞു.

തൃശ്ശൂരിൽ സുരേഷ് ഗോപിയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതായുള്ള മാധ്യമ പ്രവർത്തകരുടെ പരാമർശത്തിനും മന്ത്രി മറുപടി നൽകി. ചില പാർട്ടികൾ മര്യാദയനുസരിച്ച് കമ്മിറ്റി കൂടി സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ചിലർ ഒറ്റയ്ക്ക് പ്രഖ്യാപിക്കും. അത് അവരവരുടെ താത്പര്യമാണ്. എന്തായാലും തൃശ്ശൂർ കണ്ട് ആരും പ്രത്യേകമായി ഒന്നും കരുതേണ്ട. മിഠായിത്തെരുവിൽ ഹലുവ കൊടുത്തപോലെയാകുമെന്നും മത്സരിച്ചാൽ വിവരം അറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വർണ്ണകള്ളക്കടത്ത് കേസ് പരാമർശിച്ചിരുന്നു. തൃശ്ശൂർ പൂരത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് ദൗർഭാ​ഗ്യകരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ മതങ്ങളെയും ബിജെപി ബഹുമാനിക്കുന്നതായും മോദി പറഞ്ഞു. അതുകൊണ്ടാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലെത്തിയതെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഇന്ത്യ മുന്നണി വിശ്വാസങ്ങളെ വൃണപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ എല്ലാ സ്ത്രീകൾക്കും മോദി നന്ദി അറിയിച്ചു.