കോട്ടയം : പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്‌നയുടെ തിരോധാന കേസിലെ സിബിഐ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരോധാനത്തിന് മതതീവ്രവാദവുമായി ബന്ധങ്ങളൊന്നുമില്ലെന്നാണ് സിബിഐ കണ്ടെത്തല്‍. ‘ജെസ്ന മരിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അച്ഛനെയും ആണ്‍ സുഹൃത്തിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുവെങ്കിലും ഇതിലൊന്നും തെളിവ് കിട്ടിയില്ല. ജെസ്ന സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. ജെസ്‌നയുമായി ബന്ധപ്പെട്ട് സമീപ സംസ്ഥാനങ്ങളിലും ആത്മഹത്യ പോയിന്റ്‌റുകളിലും പരിശോധന നടത്തി. അന്വേഷണത്തിന് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ എവിടെയും ഒരു തെളിവും കിട്ടിയില്ല. കൂടുതല്‍ എന്തങ്കിലും കിട്ടിയാല്‍ അന്വേഷണം തുടരും’, തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന പറഞ്ഞിറങ്ങിയ ജെസ്‌നയെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐകേസ് ഏറ്റെടുത്തത്. 2021 ഫെബ്രുവരില്‍ കേസ് ഏറ്റെടുത്ത സിബിഐക്കും ജെസ്‌ന എവിടെയെന്ന് കണ്ടെന്നായില്ല. മതപരിവര്‍ത്തന കേന്ദ്രങ്ങളിലടക്കം സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവുമുണ്ടായില്ല.
അച്ഛനും സുഹൃത്തിനുമെതിരെയായിരുന്നു ചിലര്‍ സംശയമുന്നയിച്ചത്. രണ്ടു പേരെയും രാജ്യത്തെ മികച്ച ലാബുകളില്‍ കൊണ്ടുപോയി ശാസ്ത്രീയ പരിശോധന നടത്തി. തിരോധാനത്തില്‍ രണ്ടുപേര്‍ക്കും പങ്കില്ലെന്ന് തെളിഞ്ഞു. കാണാതാകുന്നതിന് തലേ ദിവസം മരിക്കാന്‍ പോകുന്നവെന്ന ഒരു സന്ദേശമാണ് ജെസ്‌ന സുഹൃത്തിന് അയച്ചത്. ജെസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.