കേരളത്തില്‍ പുതിയതായി 6.26 ലക്ഷം പേര്‍ക്ക് ഉയര്‍ന്ന ബിപിയും അരലക്ഷത്തിലധികം പേര്‍ക്ക് പ്രമേഹവും കണ്ടെത്തി


തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളില്‍ ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ അസുഖങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.53 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയിരുന്നു. സ്‌ക്രീനിംഗില്‍ രോഗ സാധ്യതയുള്ള 13.6 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ ശൈലി 2 പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കി. ജനകീയ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.

ഇതുവരെ ആകെ 1,53,25,530 പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി. ഇതില്‍ നിലവില്‍ 18.14 ശതമാനം (27,80,639) പേര്‍ക്ക് ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള സാധ്യത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആശാവര്‍ക്കര്‍മാര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തിയവരില്‍ രോഗസാധ്യത കൂടുതലുള്ളവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. സ്‌ക്രീനിംഗിലൂടെ രക്താതിമര്‍ദ്ദം സംശയിച്ച 20,51,305 പേരില്‍ നടത്തിയ പരിശോധനയില്‍ 6,26,530 (31 ശതമാനം) പേര്‍ക്ക് പുതുതായി രക്താതിമര്‍ദ്ദവും സ്‌ക്രീനിംഗിലൂടെ പ്രമേഹം സംശയിച്ച 20,45,507 പേരില്‍ നടത്തിയ പരിശോധനയില്‍ 55,102 (2.7 ശതമാനം) പേര്‍ക്ക് പുതുതായി പ്രമേഹവും സ്ഥിരീകരിച്ചു. നിലവില്‍ രക്താതിമര്‍ദ്ദവും പ്രമേഹവുമുള്ളവര്‍ക്ക് പുറമേയുള്ള കണക്കാണിത്. സംസ്ഥാനത്ത് പരിശോധന നടത്തിയ മൂന്നില്‍ ഒരാള്‍ക്ക് രക്താതിമര്‍ദ്ദം ഉണ്ടെന്നാണ് ഒന്നാംഘട്ട സര്‍വേയിലൂടെ കണ്ടെത്തിയിരിക്കുന്നത്.