കോഴിക്കോട്: മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ എഐ തട്ടിപ്പ് കേസിലെ പരാതിക്കാരന് നീതി. ഡീപ് ഫേക്ക് തട്ടിപ്പിന് ഇരയായ കോഴിക്കോട് സ്വദേശിക്കാണ് പണം തിരികെ ലഭിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കോഴിക്കോട് പാലാഴി സ്വദേശി രാധാകൃഷ്ണന്റെ കയ്യിൽ നിന്നും 40,000 രൂപയാണ് തട്ടിയെടുത്തത്. ഈ തുക മുഴുവനായും രാധാകൃഷ്ണന് ലഭിച്ചു. കോഴിക്കോട് സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരമാണ് പരാതിക്കാരന് പണം തിരികെ നൽകിയത്.
കഴിഞ്ഞ ജൂലൈ 9-നാണ് കേസിനാസ്പദമായ സംഭവം. എഐ സാങ്കേതികവിദ്യ വഴി വീഡിയോ കോളിലൂടെ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു തട്ടിപ്പ് റിപ്പോർട്ട് ചെയ്തത്. പിന്നീട് നടന്ന അന്വേഷണങ്ങൾക്കൊടുവിൽ തട്ടിപ്പിലൂടെ പണം ട്രാൻസ്ഫർ ചെയ്ത ചൂതാട്ട സംഘത്തിന്റെ അക്കൗണ്ട് പോലീസ് മരവിപ്പിച്ചിരുന്നു. പിന്നാലെ സംഘത്തെ ഗോവയിൽ വെച്ച് പിടികൂടിയിരുന്നു. നാല് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.