രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്: പ്രതിഷേധ സൂചകമായി ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാർച്ചിനൊരുങ്ങി യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്, വെള്ളിയാഴ്ച ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തും. കോട്ടയം, കണ്ണൂർ ജില്ലകളിലും നാളെ പ്രതിഷേധ മാർച്ച് നടക്കും. അതേസമയം, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി ഈ മാസം 17ന് പരിഗണിക്കുന്നതിനായി മാറ്റി.
രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെതിരെയും പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ഉദ്ഘാടകൻ ഷാഫി പറമ്പിൽ എംഎൽഎയടക്കം 155 പേർക്കെതിരെയാണ് കേസ്.
മോദിയല്ല, അമിത് ഷായല്ല, അദാനി–അംബാനിയുടെ പണച്ചാക്ക് വന്നാൽ പോലും തൃശൂർ ബിജെപിക്ക് എടുക്കാൻ കഴിയില്ല: ടിഎൻ പ്രതാപൻ
ഇതിനിടെ രാഹുലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചു. എംവി ഗോവിന്ദനെതിരെ രാഹുലിന്റെ പേരിൽത്തന്നെ വക്കീൽ നോട്ടീസ് അയക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. നേരത്തെ, സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കാൻ ഗോവിന്ദനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത് വന്നിരുന്നു.