കോയമ്പത്തൂരില്‍ നിന്ന് കുഴല്‍പ്പണം കേരളത്തിലേയ്ക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി യുവതി


പാലക്കാട്: വാളയാര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം എക്‌സൈസ് നടത്തിയ പതിവ് വാഹന പരിശോധനയില്‍ 37 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതി പിടിയിലായി. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായിരുന്നു മഹാരാഷ്ട്ര സ്വദേശിനിയായ സബിത ബാലകൃഷ്ണന്‍ ഗെയ്ക്ക് വാദ്. ബസില്‍ കയറിയ എക്‌സൈസ് സംഘം ആളുകളുടെ ബാഗുകള്‍ തുറന്നു പരിശോധിക്കാന്‍ തുടങ്ങി. സബിതയോട് ബാഗ് തുറക്കാന്‍ പറഞ്ഞപ്പോള്‍ അത് കേള്‍ക്കാതെ ചേര്‍ത്ത് പിടിച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് സംശയമായി.

ബാഗില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ വസ്ത്രങ്ങളാണെന്നായിരുന്നു മറുപടി. താന്‍ കുന്നംകുളത്താണ് താമസിക്കുന്നതെന്നും ബന്ധുവിന്റെ അടുത്ത് പോയ ശേഷം മടങ്ങുകയാണെന്നും പറഞ്ഞു. ബാഗ് വാങ്ങി പരിശോധിച്ചപ്പോള്‍ വസ്ത്രത്തിനൊപ്പം നോട്ടു കെട്ടുകളും കണ്ടതോടെ വിശദായ പരിശോധനയായി. എണ്ണി നോക്കിയപ്പോള്‍ ആകെയുണ്ടായിരുന്നത് 37 ലക്ഷത്തിലധികം രൂപ. പണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു രേഖയും കൈവശമില്ല. കച്ചവട ആവശ്യത്തിനുള്ള പണം എന്നായിരുന്നു മറുപടി.

കോയമ്പത്തൂരില്‍ നിന്ന് കുഴല്‍പ്പണം തൃശൂരിലേക്ക് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് യുവതിയെന്നാണ് അനുമാനം. യുവതിയെയും പിടിച്ചെടുത്ത പണവും പിന്നീട് തുടര്‍ നടപടികള്‍ക്കായി വാളയാര്‍ പോലീസിന് കൈമാറി.