അമ്പലമേട്: കൊച്ചി അമ്പലമേട് പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നില്‍ പൊലീസുകാര്‍ക്കിടയിലെ ഭിന്നതയെന്നാണ് സൂചന. ഗാര്‍ഹിക പീഡന കേസിലെ പ്രതിയെ എസ്‌ഐ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
ഭാര്യയെ മര്‍ദ്ദിച്ചതിന് അറസ്റ്റിലായ പ്രതിയെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കൊച്ചി അമ്പലമേട് പൊലീസ് സ്റ്റേഷനിലെ ആ സിസിടിവി ദൃശ്യങ്ങള്‍ എങ്ങനെ പുറത്തായി എന്നതിനെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് സംഭവം അന്വേഷിക്കുന്നത്. പൊലീസുകാര്‍ക്കിടയിലെ ഭിന്നതയാണ് ദൃശ്യങ്ങള്‍ ചോരാന്‍ കാരണമെന്ന വിലയിരുത്തലിലാണ് ഉന്നത ഉദ്യോഗസ്ഥര്‍.
തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് അമ്പലമേട് എസ്‌ഐയും ആരോപിച്ചിരുന്നു.
പൊലീസ് സ്റ്റേഷനില്‍ പൊലീസ് മാത്രം കൈകാര്യം ചെയ്യുന്ന സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കില്‍ നിന്ന് എങ്ങനെ ദൃശ്യം ചോര്‍ന്നു എന്നതാണ് സേനയ്ക്കുള്ളിലെ ചോദ്യം. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പ്രത്യേക സംഘമായി അന്വേഷണം തുടങ്ങി. ചോര്‍ന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കരിമുകളിലെ മണ്ണു മാഫിയയിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന. മണ്ണ് മാഫിയയുമായുള്ള പൊലീസ് ബന്ധം ആരോപിച്ച് രണ്ടാഴ്ച മുന്‍പ് പൊലീസ് സ്റ്റേഷനില്‍ മിന്നല്‍ പരിശോധന നടന്നിരുന്നു.
ഇത് പൊലീസുകാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കിയെന്നും അതാണ് ദൃശ്യങ്ങള്‍ ചോരാന്‍ കാരണമെന്നുമാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
അക്രമാസക്തനായി നില്‍ക്കുന്ന പ്രതിയെ സ്റ്റേഷനിലെത്തിച്ച ശേഷവും പൊലീസുകാരെ ഒന്നടങ്കം വെല്ലുവിളിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സഹികെട്ടാണ് പ്രതിയായ ബിബിനെ ശാന്തനാക്കാന്‍ ശ്രമിച്ചതെന്നും എസ്‌ഐ വ്യക്തമാക്കുന്നു.
എസ് ഐ റെജി കുനിച്ചുനിര്‍ത്തി ഇടിച്ചത് കാക്കനാട് സ്വദേശി ബിബിന്‍ തോമസിനെയാണ്. ഭാര്യയുടെ പരാതിയിലാണ് ബിബിനെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷന് പുറത്തും അകത്തും വച്ച് ഒന്നിലേറെ തവണ മര്‍ദ്ദിച്ചെന്നാണ് പരാതി. തുടര്‍ന്ന് വധശ്രമമടക്കം ചുമത്തിയാണ് ബിബിനെ ജയിലിലിട്ടത്. ലഹരിക്ക് അടിമപ്പെട്ട് ഭാര്യയെ കൈമടക്കി ഇടിച്ചു, നിലത്തുവീണ ഭാര്യയുടെ നടുവിന് ചവിട്ടി. ചെടിച്ചട്ടിയും ചുറ്റികയുമുപയോഗിച്ച് തലക്കടിച്ച് കൊല്ലാന്‍ശ്രമിച്ചു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ബിബിനെതിരായ എഫ്‌ഐആറിലുള്ളത്. ഇതെല്ലാം എല്ലാം ബിബിന്‍ നിഷേധിക്കുകയാണ്.