രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ പിണറായി സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കണം: കെ സുരേന്ദ്രന്‍


 

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ദിവസമായ ജനുവരി 22ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് 2:30 വരെ അവധി പ്രഖ്യാപിച്ചത് സംസ്ഥാനവും മാതൃകയാക്കണം. ശ്രീരാമക്ഷേത്രം ഭാരതത്തിന്റെ ദേശീയ അഭിമാനസ്തംഭമാണ്. ശ്രീരാമനാണ് ഭരണനിര്‍വഹണത്തിന്റെ കാര്യത്തില്‍ നമ്മുടെ നാടിന്റെ മാതൃകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രതിഷ്ഠാ ദിനം കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികള്‍ കാത്തിരിക്കുന്ന മുഹൂര്‍ത്തമാണ്. രാമനും രാമായണവും മലയാളിയുടെ ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമാണ്. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം മാനിക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

നേരത്തേ പ്രതിഷ്ഠാദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകുതി ദിവസം അവധി അനുവദിച്ച് കേന്ദ്രം ഉത്തരവിറക്കിയിരുന്നു. പരിപാടിയുടെ തത്സമയ സംപ്രേഷണം വീക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകുതി ദിവസത്തെ അവധി അനുവദിച്ചത്.