രൺജിത്ത് ശ്രീനിവാസൻ വധക്കേസ്: 8 പ്രതികൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്ക്, ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും


ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും, അഭിഭാഷകനുമായിരുന്ന രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ 15 പിഎഫ്ഐ പ്രവർത്തകർ കുറ്റക്കാരാണെന്ന് മാവേലിക്കര അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ഗൂഢാലോചനയിൽ മുഴുവൻ പ്രതികൾക്കും പങ്കുണ്ട്. കൂടാതെ, 8 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ ജയരാജാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

2021 ഡിസംബർ 19- നാണ് രൺജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയുടെയും മകളുടെയും മുൻപിൽ വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. 3 ഘട്ടങ്ങളോളം നീണ്ട ഗൂഢാലോചനക്കുശേഷമാണ് പിഎഫ്ഐ പ്രവർത്തകർ രൺജിത്തിനെ കൊലപ്പെടുത്തിയത്. കുറ്റപത്രത്തിൽ 1000-ത്തോളം രേഖകളും, 100-ലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. കൂടാതെ, വിരലടയാളങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ട് മാപ്പുകൾ തുടങ്ങിയ തെളിവുകളും കേസിൽ ഹാജരാക്കി.