എന്‍എച്ച് 66, കേന്ദ്ര പദ്ധതിയെ സ്വന്തം പദ്ധതിയാക്കി മാറ്റി ക്രെഡിറ്റ് തട്ടിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്



കോഴിക്കോട്: സംസ്ഥാനത്തെ ദേശീയപാത വികസനം ഇഴയുന്നുവെന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ നേരിട്ടെത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ‘കേരളത്തിന്റെ സ്വപ്ന പദ്ധതി ആണ് എന്‍എച്ച് 66. വെന്റിലേറ്ററില്‍ കിടന്ന പദ്ധതിയാണ് ഇടത് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യം ആക്കുന്നത്. ഒരിക്കല്‍ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ച് പോയ പദ്ധതി ആണ് സര്‍ക്കാര്‍ തിരിച്ച് കൊണ്ടുവന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് പദ്ധതി വെളിച്ചം കണ്ടത്’, മന്ത്രി പറഞ്ഞു.

 

‘നിര്‍മാണ തടസ്സം ഉള്ള സ്ഥലങ്ങളില്‍ എല്ലാം സന്ദര്‍ശനം നടത്തും. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിലയിരുത്തല്‍ യോഗം ചേരും. തലശ്ശേരി മാഹി ബൈപാസ് ഉടന്‍ തന്നെ തുറന്നു കൊടുക്കും. തൊണ്ടയാട് പാലം മാര്‍ച്ചില്‍ തുറക്കും. കോഴിക്കോട് ദേശീയപാത വികസനം 58 ശതമാനം പൂര്‍ത്തിയായി. ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഭായി ഭായി ബന്ധം ആണുളളത്. ആരു വിചാരിച്ചാലും ആ ബന്ധം തകര്‍ക്കാന്‍ ആകില്ല. തിരുവനന്തപുരത്ത് ഓഫീസ് തുടങ്ങാന്‍ 25 സെന്റ് സ്ഥലം ദേശീയപാത അതോറിറ്റിക്കു വിട്ടുകൊടുത്തു’, മന്ത്രി പറഞ്ഞു