അയോദ്ധ്യയിലേയ്ക്ക് കേരളത്തില്‍ നിന്ന് ട്രെയിന്‍ സര്‍വീസുകള്‍: വിശദാംശങ്ങള്‍ പുറത്തുവിട്ട് ഐആര്‍സിടിസി



തിരുവനന്തപുരം: കേരളത്തില്‍ നിന്ന് 24 ആസ്താ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അയോദ്ധ്യയിലേക്ക് സര്‍വീസ് നടത്തും. നാഗര്‍കോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസ്. ജനുവരി 30ന് ആദ്യ സര്‍വീസ് ആരംഭിക്കും. ഫെബ്രുവരി , മാര്‍ച്ച് മാസങ്ങളിലായാണ് ട്രെയിനുകള്‍. 3,300 രൂപയാണ് ടിക്കറ്റ് നിരക്ക്.

Read Also: ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി, പ്രചാരണ തന്ത്രത്തിന് അയോധ്യയും ചന്ദ്രയാനും ജി- 20യും

ഫെബ്രുവരി 2,9,14,19,24,29 തിയതികളില്‍ പാലക്കാട് നിന്ന് അയോദ്ധ്യയിലേക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലോര്‍പേട്ട, ഗോമതി നഗര്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. ഫെബ്രുവരി 2,8,13,18, 23,28, മാര്‍ച്ച് നാല് എന്നീ തിയതികളില്‍ അയോദ്ധ്യയില്‍ നിന്ന് തിരികെ ട്രെയിന്‍ സര്‍വീസ് ഉണ്ടാകും. യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ ട്രെയിന്‍ കടന്നുപോകുന്ന സ്റ്റേഷനുകളിലെ ഉന്നത റെയില്‍വേ -സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി ലഭ്യമാകും.

ഐആര്‍സിടിസി വഴിയാണ് ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്. ഓരോ ദിവസവും 10,000 യാത്രക്കാര്‍ ട്രെയിന്‍ മാര്‍ഗം അയോദ്ധ്യയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.
ബിജെപി സംസ്ഥാന നേതൃത്വം റെയില്‍വേ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ആസ്താ ട്രെയിനുകളുടെ എണ്ണം 24 ആയി ഉയര്‍ത്തിയത്. രാജ്യമാകെ 66 ആസ്താ ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അയോദ്ധ്യ ദര്‍ശനത്തിന് ആഗ്രഹിക്കുന്ന എല്ലാവരെയും ഈ മാസങ്ങളില്‍ തന്നെ അയോദ്ധ്യയില്‍ എത്തിക്കുകയെന്ന നിര്‍ദ്ദേശമാണ് ബിജെപി ദേശീയ നേതൃത്വം നല്‍കിയിട്ടുള്ളത്.

ട്രെയിനുകളില്‍ അയോദ്ധ്യയിലെത്തുന്നവര്‍ക്ക് താമസം ബിജെപി ഒരുക്കുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. ട്രെയിന്‍ സമയം രണ്ട് ദിവസത്തിനുള്ളില്‍ റെയില്‍വേ അറിയിക്കും.