തിരുവനന്തപുരം: അന്താരാഷ്ട്ര കായിക ഉച്ചകോടി രണ്ടു ദിവസം പിന്നിട്ടപ്പോൾ സംസ്ഥാനത്തിന് നേടാൻ കഴിഞ്ഞത് 4500 കോടി രൂപയുടെ നിക്ഷേപം. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനാണ് ഇക്കാര്യം അറിയിച്ചത്. കേരളം വിഭാവനം ചെയ്യുന്ന കായിക സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരുന്ന വലിയ പദ്ധതികളാണ് ഈ നിക്ഷേപങ്ങളിലൂടെ വരികയെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്‌പോർട്‌സ് സിറ്റി പദ്ധതിക്കും കോഴിക്കോട്, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ പദ്ധതികൾക്കുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ 1200 കോടി രൂപ നിക്ഷേപിക്കും. അന്താരാഷ്ട്ര ഉച്ചക്കോടിയുടെ ഭാഗമായി ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കേരള ഫുട്‌ബോൾ അസോസിയേഷനുമായി ചേർന്ന് എട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയങ്ങളും നാല് ഫുട്‌ബോൾ അക്കാഡമികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കും. ഇതിനായി ഗ്രൂപ്പ് മീരാനും സ്‌കോർലൈൻ സ്‌പോർട്‌സും ചേർന്ന് 800 കോടി രൂപയുടെ നിക്ഷേപത്തിനു ധാരണയായി. കൊച്ചിയിൽ 650 കോടി രൂപ ചെലവിൽ നിർമിക്കുന്ന കായിക സമുച്ചയമായ ലോഡ്‌സ് സ്‌പോർട്‌സ് സിറ്റിയാണ് മറ്റൊരു പദ്ധതി. വിവിധ കായിക ഇനങ്ങളേയും അനുബന്ധ ആക്ടിവിറ്റികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ബൃഹദ് പദ്ധതിയാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതിവേഗം വളരുന്ന ഇ-സ്‌പോർട്‌സ് രംഗത്തും മികച്ച നിക്ഷേപം ആകർഷിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. നോ സ്‌കോപ്പ് ഗെയിമിങ് ഈ രംഗത്ത് കേരളത്തിൽ 350 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ വലിയ വളർച്ചാ സാധ്യതകളുള്ള സാഹസിക കായിക വിനോദം, ജല കായിക വിനോദം എന്നീ രംഗങ്ങളിൽ 200 കോടി രൂപയുടെ നിക്ഷേപം ഈ രംഗത്തെ മുൻനിരക്കാരായ ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് വാഗ്ദാനം ചെയ്തു.
കോഴിക്കോട് സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട് 450 കോടി രൂപയുടെ നിക്ഷേപം പ്രീമിയർ ഗ്രൂപ്പുമായി ധാരണയായി. ഫുട്‌ബോൾ താരം സി കെ വിനീതിന്റെ നേതൃത്വത്തിലുള്ള തേർട്ടീൻത് ഫൗണ്ടേഷൻ 300 കോടിയുടെ നിക്ഷേപവുമായി കായിക താരങ്ങൾക്ക് താമസ സൗകര്യങ്ങളോടു കൂടിയ അത്യാധുനിക കായിക പരിശീലന കേന്ദ്രമുൾപ്പെടുന്ന സ്‌പോർട്‌സ് കോംപ്ലക്‌സ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച ഇന്റർനാഷനൽ സ്‌പോർട്‌സ് സമ്മിറ്റിന്റെ ആദ്യ രണ്ടു ദിവസങ്ങളിലായി കായിക പശ്ചാത്തലസൗകര്യ വികസന പദ്ധതികളടക്കം 19 പദ്ധതികളാണ് അവതരിപ്പിക്കപ്പെട്ടത്. സംസ്ഥാനത്തുടനീളം കായിക പദ്ധതികൾ താഴെത്തട്ടിലെത്തിക്കുന്നതിന് 100 കോടി ചെലവിൽ സ്‌പോർട്‌സ് ഫോർ ഓൾ പദ്ധതി പ്രഖ്യാപിച്ചു. കൊച്ചിയിൽ മൂലൻസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 100 കോടി രൂപ നിക്ഷേപത്തിൽ മറ്റൊരു നഗര കായിക സമുച്ചയം വരുന്നുണ്ട്. 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച ജി സി ഡി എ വിവിധ പദ്ധതികൾക്കുള്ള 1380 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പ്രഖ്യാപനവും നടത്തി.
ഇന്ത്യ ഖേലോ ഫുട്‌ബോൾ, സംസ്ഥാനത്തെ വിവിധ സോഷ്യൽ ക്ലബുകളുടെ കൂട്ടായ്മ, പ്രോ സ്‌പോർട്‌സ് വെഞ്ചേഴ്‌സ്, സ്‌പോർട്‌സ് എക്‌സോട്ടിക്ക, സ്‌പോർട്‌സ് ആന്റ് മാനേജ്‌മെന്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, എൻ ബി ഫിറ്റ്‌നസ് അക്കാഡമി, കേരളീയം മോട്ടോർ സ്‌പോർട്‌സ് അസോസിയേഷൻ, ആർബിഎസ് കോർപറേഷൻ, ബാവാസ് സ്‌പോർട്‌സ് വില്ലേജ് തുടങ്ങിയ സംരംഭകരും 50 മുതൽ 25 കോടി രൂപ വരെയുള്ള വിവിധ നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്തു. ബീറ്റ ഗ്രൂപ്പ് സംസ്ഥാനത്ത് ടെന്നീസ് ലീഗ് തുടങ്ങാൻ ധാരണയായിട്ടുണ്ട്. ഡോ. അൻവർ അമീൻ ചേലാട്ടിന്റെ നേതൃത്വത്തിലുള്ള റീജൻസി ഗ്രൂപ്പ് സ്‌പോർട്‌സ് മാനുഫാക്ചറിങ്ങ് രംഗത്ത് 50 കോടി നിക്ഷേപം നടത്തുമെന്നും മന്ത്രി പറഞ്ഞു.