തൈപ്പൂയം: പഴനിയിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ആരംഭിച്ചു


ചെന്നൈ: പഴനിയിലെ തൈപ്പൂയ ഉത്സവത്തോടനുബന്ധിച്ചുളള പ്രത്യേക ട്രെയിനുകൾ സർവീസ് ആരംഭിച്ചു. ക്ഷേത്രത്തിലേക്കുള്ള വൻ ഭക്തജനത്തിരക്ക് കണക്കിലെടുത്താണ് ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. ഇരുപത്തിയെട്ടാം തീയതി വരെ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. പൊള്ളാച്ചി, ഉദുമൽപേട്ട, പഴനി വഴിയുള്ള അൺ റിസർവ്ഡ് എക്സ്പ്രസ് ട്രെയിനാണ് കോയമ്പത്തൂർ-ഡിണ്ടിഗൽ സെക്ടറിൽ അനുവദിച്ചിട്ടുള്ളത്. രണ്ട് ട്രെയിനുകളിലും 10 ജനറൽ സെക്കൻഡ് ക്ലാസും, 2 ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകളുമാണ് ഉള്ളത്.

കോയമ്പത്തൂർ ജംഗ്ഷൻ- അൺറിസർവ്ഡ് എക്സ്പ്രസ് (06077) കോയമ്പത്തൂരിൽ നിന്നും രാവിലെ 9:30ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ട്രെയിൻ പഴനിയിൽ എത്തും. അതേസമയം, ഡിണ്ടിഗല്‍-കോയമ്പത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് ഉച്ചയ്ക്ക് 2:00 മണിക്ക് ഡിണ്ടിഗലിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 5:30 ഓടേ പഴനിയിൽ എത്തിച്ചേരും. പോത്തന്നൂർ ജംഗ്ഷൻ, കിണറ്റുക്കടവ്, പൊള്ളാച്ചി ജംഗ്ഷൻ, ഗോമംഗലം, ഉദുമൽപേട്ട, മൈവാടി റോഡ്, മാടാട്ടുകുളം, പുഷ്പത്തൂർ, പഴനി, ചത്രപ്പെട്ടി, ഒട്ടൻഛത്രം, അക്കരപ്പട്ടി എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.