മാസപ്പടിയിൽ എൽഡിഎഫും- യുഡിഎഫും ഒത്തുകളിക്കുന്നു, എംവി ഗോവിന്ദൻ പിണറായിയുടെ അടിമക്കണ്ണ്: കെ സുരേന്ദ്രൻ


തിരുവനന്തപുരം: യുഡിഎഫ്- എൽഡിഎഫ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എക്സാലോജിക് – സിഎംആർഎൽ വിവാദ ഇടപാടിൽ എസ്എഫ്ഐഒ അന്വേഷണം കഴിയുന്നതോടെ എൽഡിഎഫ്- യുഡിഎഫ് നേതാക്കളുടെ അഴിമതികൾ പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മും മുഖ്യമന്ത്രിയും കേസ് ഇല്ലാതാക്കാൻ ശ്രമിച്ച പോലെ യുഡിഎഫും കേസ് ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ആറ്റിങ്ങലിൽ കേരള പദയാത്രയോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കേരളത്തിലെ കുത്തക മുതലാളിമാരിൽ നിന്ന് മാസപ്പടി വാങ്ങുന്നവരായി കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കൾ മാറി. സർക്കാർ നികുതി കൃത്യമായി പിരിക്കാത്തതിന് കാരണം മുഖ്യമന്ത്രിയും കുടുംബവും മാസപ്പടി വാങ്ങുന്നത് കൊണ്ടാണ്. 25,000 കോടിയുടെ നികുതി കുടിശിക പിരിക്കാനുണ്ടെന്ന സിഎജി റിപ്പോർട്ട്‌ ഇതിന്റെ ഉദാഹരണമാണ്. രമേശ്‌ ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും മാത്രമല്ല വി ഡി സതീശനും മാസപ്പടിയിൽ പങ്കാളിയാണോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

READ ALSO: ‘പുകവലിക്കുന്ന സീതാദേവി’: രാമായണത്തെ അധിക്ഷേപിച്ച്‌ നാടകം, കേസ്

പോലീസ് ഉദ്യോഗസ്ഥർക്കും ചില മാദ്ധ്യമങ്ങൾക്കും രാഷ്‌ട്രീയ നേതാക്കൾക്കും പണം ലഭിച്ചു. പരിസ്ഥിതിയെ നശിപ്പിക്കാനാണ് ഇക്കൂട്ടർ കൂട്ടുനിന്നത്. കേരളത്തെ അഴിമതിയിൽ നിന്നു രക്ഷിക്കാൻ മോദിക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് ജനങ്ങൾക്ക് ഉറപ്പായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുഖ്യമന്ത്രിയുടെ അടിമക്കണ്ണായി മാറി. സിപിഎമ്മിന്റെ ചരിത്രത്തിലിതുവരെയും ഇത്രയും ഗതികെട്ട സെക്രട്ടറി ഉണ്ടായിട്ടില്ല. കരുവന്നൂരിലെ തട്ടിപ്പ് പണം 32 പാർട്ടി അക്കൗണ്ടിലേക്കാണ് പോയത്. എക്‌സാലോജിക് കള്ളപ്പണം വെളുപ്പിക്കാനുള്ള ഷെൽ കമ്പനിയാണ്. മുഖ്യമന്ത്രിയുടെ മടിയിൽ കനമുള്ളത് കൊണ്ടാണ് ഉയർന്ന പണം നൽകി നിയമയുദ്ധം നടത്തുന്നതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.