കൊച്ചി: അഡ്വക്കറ്റ് ആളൂരിനെതിരെ കൂടുതൽ ആരോപണങ്ങളുമായി യുവതി രംഗത്ത്. വസ്തു കേസ് വേഗത്തിലാക്കാൻ ജഡ്ജിക്കും കമ്മീഷ്ണര്‍ക്കും നല്‍കാന്‍ 3 ലക്ഷം രൂപ ആളൂർ വാങ്ങിയെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ ബാര്‍ കൗണ്‍സിലിന് യുവതി പരാതി നല്‍കി. ആളൂരിനെതിരായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയുടെതാണ് വെളിപ്പെടുത്തൽ.
ആളൂർ ഓഫീസിൽവെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പൊലീസിൽ പരാതി നൽകിയ യുവതിയാണ് അഭിഭാഷകനെതിരെ കൂടുതൽ ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തന്‍റെ വസ്തു കേസ് ജില്ലാ കോടതിയിലുണ്ട്. ബംഗളൂരുവിൽ സ്ഥിരതാമസമായ തനിക്ക് കേസിന്‍റെ ആവശ്യത്തിന് നിരന്തരം നാട്ടിലെത്താൻ കഴിയുമായിരുന്നില്ല.
എന്നാൽ, കേസ് വേഗത്തിൽ തീർക്കാൻ ജഡ്ജിയ്ക്കും പൊലീസിനും പണം നൽകിയാൽ മതിയെന്ന് ധരിപ്പിച്ച് രണ്ട് തവണയായി 3 ലക്ഷം വാങ്ങുകയായിരുന്നുവെന്നും യുവതി പറഞ്ഞു. കമ്മീഷണർക്ക് നൽകാനെന്ന പേരിൽ മാർച്ച് 18 നും ജഡ്ജിയുടെ പേരിൽ ജൂൺ 5 നാണ് പണം കൈമാറിയതെന്നുമാണ് ബാർ കൗൺസിലിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കിയത്.
യുവതിയുടെ പരാതി അടുത്ത ജനറൽ കൗൺസിൽ യോഗം പരിശോധിക്കുമെന്ന് ബാർ കൗൺസിൽ ചെയർമാൻ വ്യക്തമാക്കി. യുവതി നൽകിയ ലൈംഗിക അതിക്രമ കേസിൽ ഹൈക്കോടതി ആഡ്വക്കറ്റ് ആളൂരിന്‍റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.പരാതി കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടികാട്ടി ആളൂർ നൽകിയ ഹര്‍ജിയിലായിരുന്നു നടപടി.