പിഎസ്‌സി പരീക്ഷയിലെ ആൾമാറാട്ടം: കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്


തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിലെ ആൾമാറാട്ട കേസിൽ പ്രതികളെ വിട്ടുകിട്ടാൻ കസ്റ്റഡി അപേക്ഷ നൽകി പോലീസ്. കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ ലഭിച്ചേക്കുമെന്നാണ് സൂചന. നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവർ വെള്ളിയാഴ്ച വൈകിട്ടോടെയാണ് എസിജെഎം കോടതിയിൽ കീഴടങ്ങിയത്. ഇരുവരും സഹോദരങ്ങളാണ്.

പ്രതികൾ കോടതിയിൽ കീഴടങ്ങിയതോടെ, ഇവരെ റിമാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിൽ വാങ്ങാൻ പൂജപ്പുര പോലീസ് അപേക്ഷ നൽകിയത്. കഴിഞ്ഞ ദിവസമാണ് കേരള സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്കിടെയാണ് ആൾമാറാട്ടം നടന്നത്. പിഎസ്‌സി വിജിലൻസ് വിഭാഗം ബയോമെട്രിക് മെഷീനുമായി പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഒരു ഉദ്യോഗാർത്ഥി ഹാളിൽ നിന്നും ഓടി രക്ഷപ്പെട്ടത്. യഥാർത്ഥത്തിൽ അമൽ ജിത്താണ് പരീക്ഷ എഴുതേണ്ടത്. എന്നാൽ, അമൽ ജിത്തിന് വേണ്ടി സഹോദരൻ അഖിൽ ജിത്താണ് പരീക്ഷ എഴുതാൻ ഹാളിൽ എത്തിയത്. സംഭവത്തിൽ രണ്ട് പേരെയും ചോദ്യംചെയ്താലെ വ്യക്തത വരൂ എന്ന് പൂജപ്പുര പോലീസ്  അറിയിച്ചു.