പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായി: പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ വിവരം പുറത്തുവന്നു


കൊല്ലം: ചടയമംഗലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പോരേടം സ്വദേശി അനീഷാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28നാണ് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ അനീഷ് പീഡിപ്പിച്ചത്. ഈ സമയത്ത് അനീഷിന്റെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പീഡനത്തിന് ശേഷം അനീഷിന്റെ നിരന്തര ഭീഷണി കാരണം പെണ്‍കുട്ടി കൈഞരമ്പു മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അങ്ങനെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പുറത്തുവരുന്നത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂളിലെ കൗണ്‍സിലര്‍ വഴി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചടയമംഗലം പൊലീസിന് വിവരം കൈമാറി. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ പ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു. പൊലീസില്‍ പരാതി എത്തിയതോടെ പീഡനത്തിനിരയായ പെണ്‍കുട്ടിയെയും ബന്ധുക്കളെയും പ്രതി ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. അറസ്റ്റിലായ അനീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.