‘വയനാട് കത്തിക്കണം, എല്ലാവരും ഒരുങ്ങിയിരിക്കൂ’: സോഷ്യൽ മീഡിയയിൽ ശബ്ദസന്ദേശം, കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്


മാനന്തവാടി: വയനാട് കത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തില്‍ മാനന്തവാടി പൊലീസ് കലാപാഹ്വാനത്തിന് സ്വമേധയാ കേസെടുത്തു.

കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് സന്ദേശം പുറത്തുവന്നത്. രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വയനാട് കത്തിക്കണം, അതിനായി എല്ലാവരും ഒരുങ്ങിയിരിക്കണമെന്നാണു പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലുള്ളത്. സന്ദേശം പ്രചരിപ്പിച്ച ആള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.

READ ALSO: മാവോയിസ്റ്റ് സംഘത്തിനു നേരെ കാട്ടാന ആക്രമണം, പരിക്കേറ്റയാള്‍ പിടിയില്‍: അഞ്ച് പേര്‍ രക്ഷപ്പെട്ടു സംഭവം കണ്ണൂരില്‍

 രാവിലെ 9.30ന് ചെറിയമല ജങ്ഷനില്‍ വച്ചാണ് കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായപോളിനെ കാട്ടാന ആക്രമിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും പോളിന്റെ ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ജോലിക്കു പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോള്‍ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചില്‍ ചവിട്ടി, വാരിയെല്ലുള്‍പ്പെടെ തകർന്നു. സമീപത്തു ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഓടിയെത്തി ഒച്ചവെച്ചു കാട്ടാനയെ ഓടിച്ചു. പോളിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച്‌ അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.