അരി മുതൽ ഉഴുന്ന് വരെ 13 സബ്സിഡി ഇനങ്ങൾക്ക് വില വർദ്ധിച്ചു, പുതുക്കിയ വില വിവരങ്ങൾ പുറത്തിറക്കി സപ്ലൈകോ


സപ്ലൈകോ മുഖാന്തരം വിറ്റഴിക്കുന്ന സബ്സിഡി ഇനങ്ങളുടെ വില വർദ്ധിപ്പിച്ച് സർക്കാർ. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഇതോടെ, വില വർദ്ധനവ് പ്രാബല്യത്തിലാകും. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വിലയാണ് ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.

ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നീ സബ്സിഡി ഇനങ്ങളുടെ വിലയാണ് ഉയർത്തിയിട്ടുള്ളത്. നിലവിൽ, 13 ഇനങ്ങൾക്കും 55 ശതമാനം സബ്സിഡിയാണ് നൽകിയിരുന്നത്. ഇത് 35 ശതമാനമാക്കി കുറച്ചുകൊണ്ടാണ് പുതുക്കിയ വില വിവരപ്പട്ടിക പുറത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ 8 വർഷത്തിനുശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില ഉയർത്തുന്നത്.

പുതുക്കിയ വില (ഒരു റേഷൻ കാർഡിന് പ്രതിമാസം നൽകുന്ന അളവ്)

ചെറുപയർ: ഒരു കിലോ-92 രൂപ

ഉഴുന്ന് ഒരു കിലോ-95 രൂപ

വൻ പയർ: ഒരു കിലോ-75 രൂപ

വൻ കടല: ഒരു കിലോ-69 രൂപ

തുവരപ്പരിപ്പ്: ഒരു കിലോ-111 രൂപ

പഞ്ചസാര: ഒരു കിലോ-27 രൂപ

മുളക്: അര കിലോ-82 രൂപ

മല്ലി: അര കിലോ-39 രൂപ

വെളിച്ചെണ്ണ: അര ലിറ്റർ-55 രൂപ

എല്ലാ അരി ഇനങ്ങളും ഉൾപ്പെടെ 10 കിലോ

ജയ അരി: ഒരു കിലോ- 29 രൂപ

കുറുവ അരി: ഒരു കിലോ- 30 രൂപ

മട്ട അരി: ഒരു കിലോ- 30 രൂപ

പച്ചരി: ഒരു കിലോ- 26 രൂപ