മിഷൻ ബേലൂർ മഗ്‌ന: ആന വീണ്ടും ജനവാസ മേഖലയ്ക്കടുത്ത്, റേഡിയോ കോളറിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിച്ചു
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്‌ന വീണ്ടും ജനവാസ മേഖലയ്ക്ക് അടുത്തെത്തി. റേഡിയോ കോളറിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ബേലൂർ മഗ്‌ന ഇരുമ്പുപാലം കോളനിക്കടുത്താണ് എത്തിയിരിക്കുന്നത്. നിരവധി ജനങ്ങൾ താമസിക്കുന്ന മേഖല കൂടിയാണ് ഇരുമ്പുപാലം കോളനി. നിലവിൽ, ഈ മേഖലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെ ആന കട്ടിക്കുളം-തിരുനെല്ലി റോഡ് മുറിച്ച് കടന്നതായി വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.
ഒരാളുടെ മരണത്തിന് വരെ ഇടയാക്കിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം എട്ടാം ദിവസവും തുടരുകയാണ്. ദൗത്യം നീളുന്നതിനാൽ ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. സർവ്വ സന്നാഹങ്ങളുമായി ഇറങ്ങിയിട്ടും ദൗത്യസംഘത്തിന് ആനയെ മയക്കുവെടി വയ്ക്കാൻ കഴിയാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
കഴിഞ്ഞ ദിവസം പനവല്ലിക്ക് സമീപമുള്ള കുന്നുകളിലിയിരുന്നു ബേലൂർ മഗ്‌നയെ കണ്ടെത്തിയത്. സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് ബേലൂര്‍ മഗ്‌ന ദൗത്യത്തിനായി വയനാട്ടിലേയ്ക്ക് നിയോഗിച്ച ഡോക്ടര്‍ അരുണ്‍ സക്കറിയയും ഇന്നലെ ദൗത്യ സംഘത്തിനൊപ്പം ചേര്‍ന്നിരുന്നു.