രണ്ടുമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം വാലൻ്റൈൻസ് ഡേയിൽ ഒളിച്ചോടി, തിരുവനന്തപുരത്ത് വീട്ടമ്മയും യുവാവും അറസ്റ്റിൽ
തിരുവനന്തപുരം: പ്രണയദിനത്തിൽ കാമുകനൊപ്പം ഒളിച്ചോടിയ വിവാഹിതയായ യുവതി അറസ്റ്റിൽ. വിളപ്പിൽശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിനാണ് യുവതി അറസ്റ്റിലായത്. യുവതിയുടെ കാമുകൻ കോട്ടൂർ ആതിരാ ഭവനിൽ വിഷ്ണു(34)വിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണയദിനമായ ഫെബ്രുവരി 14ന് തൻറെ എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷമാണ് ശ്രീജ കാമുകനൊപ്പം പോയത്.
സംഭവ ദിവസം രാവിലെ അരശുംമൂട് ജംഗ്ഷനിൽ നിന്നും കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റി വിട്ട ശേഷം ശ്രീജ കാമുകനായ വിഷ്ണുവിനോടൊപ്പം പോകുകയായിരുന്നു. ശ്രീജയുടെ മൂന്ന് വയസ് പ്രായമുള്ള കുഞ്ഞ് പ്ലേ സ്കൂളിലെ ബസ്സിൽ സ്ഥിരം ഇറങ്ങുന്ന സ്ഥലത്ത് എത്തിയപ്പോൾ കൂട്ടികൊണ്ട് പോകാൻ ആരെയും കണ്ടിരുന്നില്ല. തുടർന്ന് കുട്ടി അമ്മയെ കാണാതെ കരഞ്ഞ് തുടങ്ങി. ഇതോടെ സ്കൂൾ ബസിലെ ജീവനക്കാരി കുട്ടിയെ വീട്ടിൽ എത്തിക്കുകയായിരുന്നു.
അപ്പോഴാണ് കുട്ടികളെ ഉപേക്ഷിച്ച് ശ്രീജ പോയ വിവരം മറ്റുള്ളവർ അറിയുന്നത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച ശ്രീജയെയും കാമുകൻ വിഷ്ണുവിനെയും ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ യുവാവിനെയും യുവതിയേയും റിമാൻഡ് ചെയ്തു.