ശബരിമല: കുംഭമാസ പൂജകൾക്കായി നട തുറന്നതോടെ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്നലെ മാത്രം ഏകദേശം അരലക്ഷത്തിനടുത്ത് തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. ഭക്തജനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന് വീണ്ടും വെല്ലുവിളി ഉയർന്നിരിക്കുകയാണ്. ഭക്തരെ നിയന്ത്രിക്കാൻ സന്നിധാനത്തും പതിനെട്ടാംപടിയിലും തിരുമുറ്റത്തും വലിയ നടപ്പന്തലിലുമായി 60 പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. തിരക്ക് വലിയ തോതിൽ ഉയർന്നതിനാൽ ഇന്നലെ ദേവസ്വം ഗാർഡുകളും, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
മരക്കൂട്ടം മുതൽ സന്നിധാനം, മാളികപ്പുറം വരെയുള്ള ഭാഗങ്ങളിൽ സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ 2 സർക്കിൾ ഇൻസ്പെക്ടർമാർ, 12 എസ്ഐമാർ, 138 സിവിൽ പോലീസ് ഓഫീസർമാർ എന്നിവരാണ് ഉണ്ടായിരുന്നത്. ബോംബ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു മിനിറ്റിൽ കുറഞ്ഞത് 80 പേരെയെങ്കിലും കടത്തിവിടുന്ന പതിനെട്ടാംപടിക്ക് സമീപം ആറ് പോലീസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് വീണ്ടും വിമർശനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇന്നലെ 8 മണിക്കൂറിലധികം ക്യൂ നിന്ന ശേഷമാണ് ഭക്തർക്ക് ദർശനം ലഭിച്ചത്. കുംഭമാസ പൂജകൾ പൂർത്തിയാക്കിയ ശേഷം ശബരിമല നട ഇന്ന് അടയ്ക്കുന്നതാണ്.