വയനാട്ടിലേക്ക് ടൂർ പോകാൻ പ്ലാനുണ്ടോ? തൽക്കാലം മാറ്റി വെക്കുന്നതാണ് നല്ലത്, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടു


കൽപ്പറ്റ: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത് . ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. വന സംരക്ഷണസമിതി ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചത്.

അതേസമയം, കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിലെ അക്രമസംഭവങ്ങളിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വനംവകുപ്പ് വാഹനം ആക്രമിച്ച കേസുമായി ബന്ധപ്പട്ടാണ് നടപടി.

ഇതിനിടെ വയനാട് മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. 15 ലക്ഷം രൂപയാണ് കർണാടക അജീഷിന്റെ കുടുംബത്തിന് ധനസഹായമായി നൽകുന്നത്. വനംമന്ത്രി ഈശ്വർ ഖണ്ഡ്രെയാണ് ഇക്കാര്യം അറിയിച്ചത്. കർണാടക പൗരനായി കണക്കാക്കിയാണ് അജീഷിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കി.

കർണാടക വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട മോഴ ബേലൂർ മഘ്‌നയാണ് അജീഷിനെ ചവിട്ടി കൊന്നത്. ഫെബ്രുവരി 10-നാണ് അജീഷിനെ കാട്ടാന ആക്രമിച്ചത്.